അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ താന്‍ ഇനി അങ്ങോട്ട് ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്ന് ട്രോളിലൂടെ ആരാധകരോട് പങ്കുവെച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുന്ന വാര്‍ത്ത ആവേശത്തോടെ സ്വീകരിച്ച ആരാധകരോട് അദ്ദേഹം തന്റെ സന്തോഷം ട്രോളിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെ ജഗതി സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ജഗതി ശ്രീകുമാറിന്റെ മകന് രാജ്കുമാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പിന്നാലെ, താന്‍ അഭിനയിച്ച ഛോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് തന്റെ തിരിച്ചുവരവിനെ ജഗതി ട്രോളാക്കി മാറ്റിയത്. ‘ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട’- ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രമായ പടക്കം ബഷീര്‍ നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ജഗതിയുടെ ഈ സെല്‍ഫ് ട്രോളിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
പിന്നാലെ യോദ്ധ സിനിമയിലെ അപ്പുക്കുട്ടന് എന്ന കഥാപാത്രം പറയുന്ന ‘എന്റെ ഒരു വേഷമേ നീ കണ്ടിട്ടുള്ളൂ..താമസിയാതെ പല വേഷങ്ങളും കാണാം’ എന്ന ഡയലോഗും ജഗതി പങ്കുവെച്ചിട്ടുണ്ട്.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് നടന്ന വാഹനാപകടമാണ് നടനെ അഭിനയലോകത്തു നിന്നും അകറ്റിയത്. അന്ന് ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
Discussion about this post