ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് മമ്മൂട്ടി. തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഹൈദരാബാദില്‍ നടന്ന വിജയാഘോഷ ചടങ്ങിലാണ് മമ്മൂട്ടി വീരമൃത്യു വരിച്ച സൈനികരെക്കുറിച്ച് സംസാരിച്ചത്. ‘ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്കുള്ള ആദരം ഞാന്‍ അര്‍പ്പിക്കുന്നു. ആ സൈനികര്‍ക്ക് എന്റെ സല്യൂട്ട്’, മമ്മൂട്ടി പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമാണ് ‘യാത്ര’. ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതിന്റെ കാരണവും മമ്മൂട്ടി വ്യക്തമാക്കി. മുന്‍പ് ചില പ്രോജക്ടുകള്‍ തേടിയെത്തിയിരുന്നെങ്കിലും എനിക്ക് വലിയ മതിപ്പ് തോന്നിയിരുന്നില്ല. എന്നാല്‍ യാത്ര അങ്ങനെയായിരുന്നില്ല. എനിക്ക് ഒഴിവാക്കാനാവില്ലായിരുന്നു ഈ സിനിമ. ജനനായകനായി മാറിയ ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള കഥയായിരുന്നു അത്. എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും അത് സാധിക്കാറുമില്ല. ജനമനസ് മനസിലാകുന്നവര്‍ക്കേ അത് സാധിക്കൂള്ളുവെന്നും മമ്മൂട്ടി പറഞ്ഞു.
‘യാത്ര’യുടെ സെറ്റിലെ അനുഭവങ്ങളെക്കുറിച്ചും മമ്മൂട്ടി വാചാലനായി. ചിത്രത്തിലെ ആദ്യ സീന്‍ ഷൂട്ട് ചെയ്തതിന് പിന്നില്‍ നല്ല അധ്വാനം ഉണ്ടായിരുന്നു. എനിക്ക് നല്ല ഭയവും പരിഭ്രമവും ഒക്കെയുണ്ടായിരുന്നു
ആ രംഗം ചിത്രീകരിക്കുമ്പോള്‍. ഭാഗ്യത്തിന് അത് സിനിമയില്‍ ഇല്ല. പക്ഷേ രണ്ടാംദിനം മുതല്‍ എന്റെ അത്തരം പ്രയാസങ്ങളെല്ലാം നീങ്ങി. അതിന് ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും സംവിധായകനോടും നന്ദി പറയുന്നു. അസോസിയേറ്റ് ഡയറക്ടേഴ്സും മുഴുവന്‍ യൂണിറ്റും ഒരു സഹോദരനോട് എന്ന പോലെയാണ് എന്നോട് പെരുമാറിയത്. സാധാരണമട്ടിലുള്ള നര്മ്മരംഗങ്ങളോ സംഘട്ടനരംഗങ്ങളോ ഒന്നുമില്ലാത്ത ഒരു സിനിമയെ വിജയമാക്കിയതിനും വൈഎസ്ആര്‍ ആയി തന്നെ അംഗീകരിച്ചതിനും മമ്മൂട്ടി തെലുങ്ക് സിനിമാ പ്രേക്ഷകരോട് നന്ദിയും അറിയിച്ചു.
Discussion about this post