നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ വന്ന് കാരക്ടര്‍ റോളുകളിലും ഹാസ്യകഥാപാത്രങ്ങളിലും മികച്ച പ്രകടനം നടത്തുന്ന നടന്മാരുടെ വൈദഗ്ദ്ധ്യത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ള മേഖലയാണ് മലയാള സിനിമ. ആ പട്ടികയിലേക്ക് ഏറ്റവും അവസാനം കൂട്ടിച്ചേര്‍ത്ത പേരാണ് അള്ള് രാമേന്ദ്രന്‍ എന്ന സിനിമയിലെ സത്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രവാസി മലയാളിയായ അസിം ജമാലിന്റെത്.
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ അള്ളു രാമേന്ദ്രനില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സത്യന്‍ എന്ന കഥാപാത്രത്തെയാണ് അസിം അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി മാറിയിരിക്കുകയാണ് സത്യന്‍ എന്ന കഥാപാത്രം. ചിത്രത്തിന്റെ വിശേഷങ്ങള്‍ അസിം പങ്ക്‌വയ്ക്കുന്നു
‘സത്യത്തില്‍ എനിക്ക് സന്തോഷമുണ്ട് സത്യന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റിയതില്‍. ഈ കഥാപാത്രം എനിക്ക് അപ്രതീക്ഷിതമായി വന്നതാണ്. ഇത് വന്നപ്പോഴെ ഞാന്‍ അവരോട് പറഞ്ഞിരുന്നു എന്നില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കരുതെന്ന്. എന്നാല്‍ ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ പ്രൊഡൂസര്‍ ആഷിഖ് ഉസ്മാന്‍ വിളിച്ച് അഭിനന്ദിച്ചു. സത്യനെ ഇതിലും മനോഹരമായി അഭിനയിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും പറഞ്ഞു. അത് ഒരു ഓസ്‌കാര്‍ കിട്ടിയതിന് തുല്യമായിട്ടാണ് ഞാന്‍ കരുതുന്നത്.
ഇതൊരു സാധാരണ കഥാപാത്രമായിരുന്നില്ല. അത്ര സുഗമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്നതുമല്ലായിരുന്നു. ‘ഈ കഥാപാത്രം സിനിമയുടെ അവസാനം വരെയുള്ളതാണ്. അത്‌കൊണ്ട് തന്നെ ആ കഥാപാത്രത്തിനെ ശരീരഭാഷയും രീതികളും ഒരേ പോലെ നിലനിര്‍ത്തി കൊണ്ടുപോകേണ്ടിയിരുന്നു. സിനിമയുടെ തുടക്കത്തില്‍ തന്നെ ആഷിക് എന്നോട് പറഞ്ഞിരുന്നു. ഞാന്‍ നല്ല പ്രകടനം കാഴ്ചവച്ചാല്‍ എന്റെ കരിയറിന് അത് പ്രയോജനം ചെയ്യും. എന്നാല്‍ മോശമാണെങ്കില്‍ നിന്റെ കരിയറിനെയും സിനിമയെയും പ്രതികൂലമായി ബാധിക്കുമെന്ന്. സിനിമയെ ബാധിക്കുമെന്ന് കെട്ടപ്പോള്‍ മറ്റാരെയെങ്കിലും വച്ച് ചെയ്യിപ്പിക്കാന്‍ പാടില്ലെ എന്ന് ഞാന്‍ പറഞ്ഞെങ്കിലും ആഷികിന് എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു, ആ വിശ്വാസം കാത്ത് സൂക്ഷിക്കാനായി എന്നാണ് ഞാന്‍ വിചാരിക്കുന്നത്- അസിം പറയുന്നു.
കഥാപാത്രത്തെ കുറിച്ചുള്ള ഒരു ഐഡിയ ഡയറക്ടര്‍ ബിലഹരി തനിക്ക് നല്‍കിയിരുന്നു. ടയര്‍ കടകള്‍ മാത്രമാണ് സത്യന്റെ ലോകം അതായിരുന്നു സത്യന്റെ കഥാപാത്രം. ടയര്‍ കടക്കാരന്റെ മാനറിസങ്ങള്‍ പഠിക്കാനും ബിലഹരി നിര്‍ദ്ദേശിച്ചിരുന്നു, എന്റെ ആദ്യത്തെ ഷോട്ട് ക്ഷേത്ര പശ്ചാത്തലത്തിലായിരുന്നു. ചാക്കോച്ചന്റെ പുറകേ ഓടുന്ന ഒരു സീനായിരുന്നു. ഷോട്ട് എടുക്കവേ ഞാന്‍ ബിലഹരിയോട് പറഞ്ഞു സത്യന്‍ ഓടുമ്പോള്‍ ചെരുപ്പ് കയ്യില്‍ പിടിച്ച് ഓടുന്നതല്ലെ നല്ലതെന്ന്. ഇത് കേട്ടതും ബിലഹരി എന്നെ കെട്ടിപ്പിടിച്ചു. അപ്പോഴാണ് സത്യത്തില്‍ ഞാന്‍ മനസ്സിലാക്കുന്നത് കഥാപാത്രത്തെ ശരിക്കും ഉള്‍ക്കൊണ്ടു കഴിഞ്ഞുവെന്ന്.
കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലുടനീളം തന്റെ പ്രകടനത്തിന് ഒരു വലിയ പിന്തുണയായിരുന്നു നല്‍കിയതെന്നും അസിം വ്യക്തമാക്കുന്നു. ‘ചാക്കോച്ചനുമായി അഭിനയിക്കണം എന്ന പറഞ്ഞപ്പോള്‍ പേടിയോന്നും ഉണ്ടായില്ല. പക്ഷേ ഷൂട്ടിംഗ് തുടങ്ങിയതും ടെന്‍ഷന്‍ വര്‍ധിക്കാന്‍ തുടങ്ങി. എന്നാല്‍ ചാക്കോച്ചന്‍ ഉറ്റ സുഹൃത്തിനെ പോലെയാണ് പേരുമാറിയത്. അത് എന്റെ ടെന്‍ഷന്‍ കളയാനും പെര്‍ഫോമന്‍സ് നന്നാക്കാനും സാധിച്ചു. സത്യന്‍ എന്ന കഥാപാത്രം കണ്ട ആര്‍ക്കും എന്റെ കഴിവില്‍ ഇനി സംശയം ഉണ്ടാകില്ലെന്നും അസിം പറയുന്നു.
മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രമാണ് അസിം അഭിനയിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് അസിം- ‘ചിത്രത്തില്‍ മലബാറുകാരനായ മുനീര്‍ കൊടുവള്ളി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അഭിനയിക്കുന്നത്. കാളിദാസിന്റെ കൂടെ യുഎഇയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന കഥാപാത്രമാണിത്. സ്‌ക്രീന്‍ പ്രസന്‍സ് കുറവാണെങ്കിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും മുനീറിനെ ഇഷ്ടപ്പെടും- അസിം പറയുന്നു
വേറെ കുറച്ച് പ്രോജക്ടുകളും വരുന്നുണ്ട്, ചര്‍ച്ചകളിലാണ് പലതും, ഷൂട്ടിംഗ് ആരംഭിക്കുമ്പോഴെ അതിനെ കുറിച്ച് പറയാന്‍ പറ്റുകയുള്ളൂ. കാരണം പല സിനിമകളുടെയും അവസാന നിമിഷത്തില്‍ ഞാന്‍ പുറത്തായിട്ടുണ്ട്. അതിനാല്‍ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അസിം വ്യക്തമാക്കുന്നു.