കുമ്പളങ്ങി നൈറ്റ്‌സ് ആരാധകരുടെ ഹൃയം കീഴടക്കിയാണ് തീയ്യേറ്ററില്‍ മുന്നേറുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും ആരാധകരുടെ ഉള്ളില്‍ മായാതെ കിടക്കുകയാണ്. ചെറിയ വേഷങ്ങളില്‍ എത്തിയവര്‍പോലും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കുമ്പളങ്ങി നൈറ്റ്സിലെ മനസില്‍ പതിഞ്ഞുപോയ മുഖമാണ് പ്രശാന്ത് എന്ന കഥാപാത്രത്തിന്റേത്. എറണാകുളം കോന്തുരുത്തി സ്വദേശി പിഎസ് സുരാജാണ് ഷെയിന്‍ നിഗത്തിന്റെ സുഹൃത്തായ ‘പ്രശാന്ത്’ എന്ന കഥാപാത്രത്തെ മനോഹരമാക്കിയത്.
കുട്ടിക്കു ബാഹ്യസൗന്ദര്യത്തിലൊന്നും വിശ്വാസമില്ലല്ലേ എന്ന് ഷൈന്‍ നിഗം പ്രശാന്തിന്റെ കഥാപാത്രത്തോട് ചോദിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ഷെയില്‍ നിഗം പ്രശാന്ത് എന്ന കഥാപാത്രത്തിന്റെ കാമുകിയോട് ചോദിക്കുന്ന ഒരു രംഗമുണ്ട്. ആ ഡയലോഗില്‍ തന്റെ ജീവിതം തന്നെയുണ്ടെന്നാണ് സുരാജ് പറയുന്നത്. തന്റെ ജീവിതവും പ്രണയവും തന്നെയാണ് പ്രശാന്ത് എന്ന കഥാപാത്രത്തിന്റേതെന്ന് സുരാജ് പറയുന്നു. ബാഹ്യഭംഗിയിലൊന്നും ഒരു കാര്യോമില്ലെന്ന് താന്‍ തന്റെ ഭാര്യയായ മഞ്ജുവിനെ സ്വന്തമാക്കിയതിലൂടെ തെളിയിച്ചതാണെന്ന് സുരാജ് പറയുന്നു.
‘സിനിമയിലെ പ്രശാന്ത് എന്ന കഥാപാത്രം എന്നെ കണ്ടാണ് ശ്യാം എഴുതിയത്. എന്റെ ജീവിതം തന്നെയാണത്. 2010 ലാണ് നില്‍സണ്‍ കണ്ണമാലി ചെയ്ത അയ്യപ്പ ഭക്തിഗാനത്തിനായി പാലക്കാട് പോകുന്നത്. സജിയും സതീഷുമൊക്കെയാണ് കൊറിയോഗ്രഫി ചെയ്യുന്നത്. അവരുടെ കൂടെയാണ് ഞാനും പോകുന്നത്. അന്ന് ഷൂട്ടിംഗ് കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ മഞ്ജുവും ഉണ്ടായിരുന്നു. മഞ്ജൂന്റെ ചേച്ചീടെ കുഞ്ഞിനെ ഡാന്‍സ് പഠിപ്പിക്കുമോയെന്ന് ചോദിച്ചാണ് അവള്‍ സതീഷിനെ പരിചയപ്പെടണതും ഫോണ്‍ നമ്പര്‍ കൊടുക്കുന്നതും. ആ നമ്പര്‍ ഞാന്‍ വാങ്ങിച്ച് വിളിച്ചു. ഒന്നെറിഞ്ഞു നോക്കാന്നു വിചാരിച്ച് ഇഷ്ടാണെന്നു ഞാനങ്ങോട്ട് പറഞ്ഞു. നോ പറഞ്ഞില്ല. പിന്നെ ഫോണ്‍ വിളിയായി. രണ്ടു മൂന്നു തവണ നേരില്‍ കണ്ടു. ഫോണ്‍ വിളി വീട്ടില്‍ പിടിച്ചു. ചേച്ചീടെ ഭര്‍ത്താവ് കലിപ്പായി. വിളിച്ചോണ്ട് പോണോന്നു അവള്‍ പറഞ്ഞപ്പോഴാണ് ഞാനും ശരിക്കും സീരിയസായത്.
എനിക്ക് വലിയ വീടൊക്കെയുണ്ടെന്നായിരുന്നു തള്ളിവച്ചിരുന്നത്. കാര്യത്തോട് അടുത്തപ്പോഴാണ് സത്യം പറഞ്ഞത്. വീടൊന്നൊക്കെ പറഞ്ഞാല്‍ ശോകാണെന്നു പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചു പറഞ്ഞത്. എന്നെ മര്യാദയ്ക്ക് നോക്കിയാ മതി, മൂന്നു നേരം എന്തേലും തിന്നാന്‍ തന്നാ മതീന്നാ… മഞ്ജൂന്റെ കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു. വിളിച്ചോണ്ടു വരികയാണെന്നു പറഞ്ഞപ്പം വീട്ടുകാര്‍ക്ക് എന്നെ ഒറ്റയ്ക്ക് വിടാന്‍ പേടി. അങ്ങനെ ഞാനും അച്ഛന്റെ ഒരു പെങ്ങളും അമ്മേം കൂടി പാലക്കാട് പോയി. മഞ്ജൂനോട് റെഡിയായി വരാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ അവളേം വിളിച്ചോണ്ടു പോന്നു. വീട്ടുകാരുമായി പോയി ഒരു തട്ടിക്കൊണ്ടു പോരല്‍. ഇപ്പം അവളുടെ വീട്ടുകാരുമൊക്കെയായി ടേംസിലാണ്.’ സുരാജ് പറഞ്ഞു.
വരാപ്പുഴയിലെ എം സിനിമാസില്‍ എല്ലാവര്‍ക്കുമൊപ്പാണ് സിനിമ കണ്ടപ്പോള്‍ തന്റെ കഥാപാത്രത്തിന് കൈയടിയൊക്കെ കിട്ടുന്നത് കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു പോയെന്ന് സൂരജ് പറയുന്നു. പെയിന്റിംഗ് പണിക്കാരനാണ് സുരാജ്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ശ്യാം എന്നോട് പറഞ്ഞത് ഇനി പെയിന്റ് പണിക്കൊന്നും പോകേണ്ടി വരില്ലെന്നാണ്. താന്‍ പക്ഷേ, ഷൂട്ടിംഗ് കഴിഞ്ഞതിന്റെ പിറ്റേന്നു തൊട്ട് പണിക്കു പോയി തുടങ്ങിയെന്ന് സുരാജ് പറയുന്നു.