കുമ്പളങ്ങി നൈറ്റ്‌സ് ഇത്രയും കാലം മലയാള സിനിമയില്‍ കണ്ടുശീലിച്ച നായക-പ്രതിനായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ഒരു സിനിമയാണ്. തീയ്യേറ്ററില്‍ നിറഞ്ഞോടുന്ന, കൃത്യമായും എന്നാല്‍ വളരെ അനായാസവും രസകരവുമായി രാഷ്ട്രീയം പറയുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ നിരവധി നിരൂപണങ്ങളും സിനിമാകുറിപ്പുകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇതിനിടെയാണ് ചിത്രത്തിലെ പ്രതിനായക രൂപമായ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിനെ മുന്‍നിര്‍ത്തി എഴുതിയ ഒരു കുറിപ്പ് വൈറലാകുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രാംദാസ് കടവല്ലൂരിന്റെ ഈ കുറിപ്പില്‍ ഷമ്മി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെ ശബരിമല വിഷയത്തിലെ അക്രമങ്ങളുമായി ചേര്‍ത്താണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
രാംദാസ് കടവല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
കുമ്പളങ്ങിയെക്കുറിച്ചല്ല, ഷമ്മിയെക്കുറിച്ചാണ്….
സിനിമയുടെ തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഷമ്മിയില്‍ നിന്നും സിനിമയുടെ ഒടുക്കത്തിലേക്കുള്ള ട്രാന്‍സ്ഫര്‍മേഷനില്‍ ആ കഥാപാത്രം അവസാനം നടത്തുന്ന ഉന്മാദാവസ്ഥയിലുള്ള പ്രകടനങ്ങള്‍ അതുവരെയുണ്ടായിരുന്ന സിനിമയുടെ റിയലിസ്റ്റിക് മൂഡിനെ തകര്‍ക്കുകയും ഷമ്മിയായി പ്രത്യക്ഷപ്പെടുന്ന ഫഹദിലേക്ക് സിനിമയെ വലിച്ചടുപ്പിക്കുകയും ചെയ്യുന്നു എന്ന ചില സുഹൃത്തുക്കളുടെ നിരീക്ഷണങ്ങള്‍ വായിച്ചിരുന്നു. ഒറ്റ മൊമന്റിലാണ് ആ കഥാപാത്രത്തിന്റെ അകത്ത് കൂടു കൂട്ടിയിരുന്ന രോഗം മുഴുവനായും പുറത്തു ചാടുന്നതും ഉന്മാദാവസ്ഥയില്‍ അയാള്‍ ഭാര്യയെയും വീട്ടുകാരെയും തടവിലാക്കുന്നതും. അത്തരത്തില്‍ പെട്ടെന്നൊരു വ്യക്തി , അയാള്‍ എത്ര തന്നെ സൈക്കോ ആണെന്നു പറഞ്ഞാലും , പെരുമാറുമോ എന്ന ‘യുക്തിയില്‍ ‘ നിന്നാണ് സിനിമയില്‍ ആ ഭാഗം മാത്രം ചേരാതെ നില്‍ക്കുന്നു എന്ന ‘യുക്തിസഹമായ ‘ നിരീക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
സിനിമ സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് വികസിക്കുന്ന ഒന്നാണെന്നും അതുകൊണ്ട് കാലഗണനയുടെ യുക്തി സിനിമയില്‍ തിരയേണ്ടതില്ലെന്നും പറഞ്ഞു വച്ചത് ക്രിസ്റ്റഫര്‍ നോളനായിരുന്നു. അപ്പറഞ്ഞതിന് നോളന്റെ സിനിമകള്‍ തന്നെയായിരുന്നു സാക്ഷ്യം. നല്ല സിനിമയും മോശം സിനിമയും എന്തെന്ന താരതമ്യത്തില്‍, നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നത് നല്ല സിനിമയും വിശ്വസിക്കാന്‍ കഴിയാത്തത് മോശം സിനിമയുമാണ് എന്ന് ചുരുക്കിപ്പറഞ്ഞത് അബ്ബാസ് കിരിയോസ്തമി ആയിരുന്നു. കിരിയോസ്തമി ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നറിയില്ല. അതു കൊണ്ടു തന്നെ , അപ്പറഞ്ഞതിന് പരിഹാസത്തിന്റെ മേമ്പൊടിയുണ്ടോ എന്ന് ഉറപ്പില്ല.
വെട്ടിയൊതുക്കിയ, മിനുസമുള്ള കട്ടി മീശയാണ് സിനിമയിലെ താരം. ആ മീശ മുഖത്തുള്ള ഷമ്മിയാണ്, അയാള്‍ തന്നെ അവകാശപ്പെടുന്നതു പോലെ , സിനിമയിലെ ഹീറോ. സ്വന്തം മീശ പോലെ തന്നെ മറ്റുള്ളവരുടെ മീശയും ഭംഗിയായി വെട്ടിയൊതുക്കിക്കൊടുക്കുക എന്നതാണ് അയാളുടെ ജോലി. തന്റെ ഭാര്യയുടെ സഹോദരിയെ കല്യാണം കഴിച്ചു തരണമെന്ന ആവശ്യവുമായി വരുന്ന സജിയെയും ബോബിയെയും ആവശ്യം നിരസിച്ചു കൊണ്ട് തിരിച്ചയക്കുമ്പോഴും അയാള്‍ ബോബിയുടെ മുഖം ഷേവ് ചെയ്ത് വിടാന്‍ മടിക്കുന്നില്ല. പിന്നീടൊരു സമയത്ത് ഷേവ് ചെയ്തതിന്റെ കാശു തരാന്‍ പോലും വഴിയില്ലാത്തവരാണ് സജിയും സഹോദരനും എന്ന് അപഹസിക്കുന്നുണ്ടെങ്കിലും, ആണ്‍ മീശകളെ ഒരുക്കുന്നത് അയാള്‍ പണത്തിനു വേണ്ടിയല്ല , മറിച്ച് അങ്ങനെ ചെയ്യുന്നത് ആസ്വദിക്കുന്നതു കൊണ്ടാണ് എന്നതു കൊണ്ടാണ് പണമില്ലെങ്കിലും സാരമില്ല എന്നയാള്‍ സജിയോടു പറയുന്നത്. ബോബിയുടെ മുഖത്തെ മുഴുവന്‍ രോമങ്ങളും സൂക്ഷ്മമായി വടിച്ചെടുക്കുമ്പോഴും, അവന്റെ മുഖത്തെ പൊടിമീശ മാത്രം ഭംഗിയായി വെട്ടിയൊതുക്കി നിര്‍ത്തുന്നുണ്ടയാള്‍.
പെണ്ണുങ്ങള്‍ മാത്രമുള്ള ഒറ്റ വീട്ടിലെ ഏക ആണാണ് ഷമ്മി. കൃത്യമായി ജോലിക്കു പോകുകയും, നല്ല വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്യുന്നയാള്‍. അയാളിലെ പര പീഡാനന്ദം അയാളെ കാണിക്കുന്ന ആദ്യ ഫ്രെയിമുകളില്‍ തന്നെ വ്യക്തമാണ്. അതിന്റെ ക്രമമായ വളര്‍ച്ചയിലാണ് സിനിമയുടെ അന്ത്യത്തില്‍ ഷമ്മിയിലെ സൈക്കോ വില്ലന്‍ പുറത്തു ചാടുന്നത്.
ആണധികാരമാണ് ഷമ്മിയെ രൂപപ്പെടുത്തുന്നത്. ആ കസേരകള്‍ അയാള്‍ പിടിച്ചു വച്ചതാണ്. ആള്‍ക്കൂട്ടത്തില്‍ അയാളുടെ ആണ്‍ നിലപാടുകള്‍ പുറത്തു വരുന്നത് അയാളുടെ അഭിപ്രായങ്ങളായല്ല, മറിച്ച് ആ വീട്ടിലെ സ്ത്രീകളുടെ അഭിപ്രായമായാണ്. സിനിമയിലെ ഏറ്റവും പൊളിറ്റിക്കലായ, ബ്രില്യന്റായ ഒരു രംഗമായി ഞാന്‍ വായിച്ചെടുക്കുന്നത് കല്യാണ വീട്ടില്‍ വച്ച് സജി ഷമ്മിയോട് സഹോദരനു വേണ്ടി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ്. അവിടെ, തന്റെ നിലപാട് അറിയിക്കാന്‍ അയാള്‍ കൂട്ടു പിടിക്കുന്നത് ഭാര്യയുടെ അമ്മയെയാണ്. സജിയുടെ ചോദ്യത്തിനുള്ള മറുപടി താന്‍ പറയണോ അതോ അമ്മ പറയുന്നോ എന്നാണ് ഷമ്മി ചോദിക്കുന്നത്. അയാളുടെ അഭിപ്രായമാണ് , സ്വന്തം അഭിപ്രായമല്ല, ആ അമ്മ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്. ശബരിമല വിഷയത്തില്‍ നാമജപവുമായി പുറത്തിറങ്ങിയ സ്ത്രീകള്‍ വിളിച്ച സ്‌ളോഗനുകളുടെ കൂടി പശ്ചാത്തലത്തില്‍ ഈ രംഗത്തെ രാഷ്ട്രീയ വായന നടത്താമെന്നു തോന്നുന്നു.
തന്റെ അധികാര പരിസരങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യുന്നു എന്ന തോന്നലാണ് ഷമ്മിയിലെ ഭ്രാന്തനെ ഉണര്‍ത്തി വിടുന്നത്. അങ്ങനെ പുറത്തു ചാടിയ ഭ്രാന്തുകളുടെ നാടായി കേരളം മാറിയത് ഈയടുത്ത കാലത്ത് നമ്മളേറെ കണ്ടതാണ്. ഷമ്മിയിലെ സുന്ദരനെ പോലെ ശ്യാമളവും മോഹനവും സസ്യ കേദാരവും ദൈവത്തിന്റെ സ്വന്തം നാടും ഒക്കെയായി സ്വയം മിനുക്കിയ ഒരു ഭൂഭാഗത്തില്‍ ഒളിപ്പിച്ചു വച്ച ഭ്രാന്തുകള്‍ എത്ര പെട്ടെന്നാണ് പുറത്തു ചാടിയത്… !
ഞാന്‍ കടന്നു പോയ ചില ജീവിത പരിസരങ്ങളില്‍ കൂടിയാണ് ഈ സിനിമ കടന്നു പോകുന്നത് എന്നതു കൊണ്ടു കൂടിയാകാം, എനിക്കതിനെ വ്യക്തിപരമായി കൂടി റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത് എന്നു തോന്നുന്നു. ഷമ്മിയില്‍ ഞാനുണ്ടോ എന്നെനിക്കുറപ്പില്ല, എന്തായാലും മുഴുവനായും ഇല്ല എന്നു തോന്നുന്നു. പക്ഷെ, ഷമ്മിയില്‍ എന്റെ അച്ഛനുണ്ട്, ഞാന്‍ വളര്‍ന്ന വീടുണ്ട്, ആ സിനിമയിലെ പല രംഗങ്ങളും അതുപോലുണ്ട്. ആണധികാരത്തിന്റെ ചട്ടങ്ങളോട് അമ്മ പ്രതികരിച്ചു തുടങ്ങിയത് അച്ഛന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ‘ഒരു പ്രശ്‌നത്തിലേക്കുമില്ലാത്ത’ ഒരു ‘നല്ല മനുഷ്യനായിരുന്നു’ എന്റെ അച്ഛന്‍. പക്ഷെ, ഞാന്‍ വളര്‍ന്ന വീട്ടില്‍ സ്വയം പിടിച്ചു വച്ച കസേരകളില്‍ മാത്രമേ അച്ഛന്‍ ഇരുന്നിട്ടുള്ളൂ. അത് നഷ്ടപ്പെട്ടു പോകുന്നു എന്ന തോന്നലില്‍ അയാളില്‍ സംഭവിച്ച ട്രാന്‍സ്ഫര്‍മേഷന്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ്. ആ ആണധികാര അഹന്തകള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല എന്നതു കൊണ്ടായിരിക്കണം, അച്ഛന്റെ അന്നത്തെയും ഇന്നത്തെയും ഏറ്റവും വലിയ ‘ശത്രു’ ഞാനായത്.
ആണധികാരം എന്ന രോഗത്തെയാണ് നമ്മളിത്ര കാലവും ഹീറോയിസമായി മന സിലാക്കി വച്ചത് എന്ന് സമര്‍ത്ഥമായി പറഞ്ഞു വെക്കുന്നു കുമ്പളങ്ങി. ആ രോഗലക്ഷണങ്ങള്‍ പല രൂപത്തിലുള്ള പരപീഡകളായി പുറത്തു വന്നപ്പോഴൊന്നും അത് രോഗമായി തിരിച്ചറിയാതെ പോയതു കൊണ്ടാണ് ഒരു മീശക്കോ കോടതി വിധിക്കോ ഒക്കെ ആ രോഗാവസ്ഥയെ ഇളക്കാന്‍ കഴിഞ്ഞത്. ഉന്മാദികളായ കുറെ മനുഷ്യര്‍ പൊതുവഴിയിലും നിരത്തിലും മല കയറാന്‍ പോയ സ്ത്രീകളുടെ വീടിനു മുന്നിലും ജോലി സ്ഥലത്തും അഴിഞ്ഞാടിയത്.
സൗബീനും ഷെയ്‌നും ശ്രീനാഥ് ഭാസിയും ‘ബേബി മോളും ‘ പേരറിയാത്ത മറ്റ് നടീ നടന്‍മാരും , കുമ്പളങ്ങിയിലെ രാത്രികളും സിമന്റു തേക്കാത്ത വാതിലുകളില്ലാത്ത ആ വീടും ആനന്ദിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുമ്പോഴും എന്നെ സംബന്ധിച്ചിടത്തോളം കട്ടി മീശയുള്ള ഷമ്മിയുടെ കഥയാണ് കുമ്പളങ്ങി.
Discussion about this post