വിവാദങ്ങളില്‍ ഇടപെടാനില്ല; എംടിയുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതം 2020ന് തന്നെ റിലീസ് ചെയ്യും: ബിആര്‍ ഷെട്ടി

സിനിമയാക്കുന്നതില്‍നിന്നു ഇനി പിന്നോട്ടില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ ബിആര്‍ ഷെട്ടി.

മഹാഭാരതകഥ ഏത് പ്രതിസന്ധികളെയും തരണംചെയ്ത് പൂര്‍ത്തിയാക്കുമെന്നും സിനിമയാക്കുന്നതില്‍നിന്നു ഇനി പിന്നോട്ടില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ ബിആര്‍ ഷെട്ടി. സിനിമയെടുക്കാന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥ തന്നെ വേണമെന്നു നിര്‍ബന്ധമില്ലെന്നും എംടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നതായും വ്യവസായിയായ ബിആര്‍ ഷെട്ടി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം പരിഗണിക്കാനിരിക്കെയാണു ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടി പ്രതികരിക്കുന്നത്. സംവിധായകന്‍ ശ്രീകുമാറാണു ചിത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചത്. മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിനു സമ്മതിച്ചത്. ഇക്കാര്യത്തില്‍ എംടി വാസുദേവന്‍ നായര്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും ബിആര്‍ ഷെട്ടി വ്യക്തമാക്കി.

എംടിയുമായി ഇതിനെകുറിച്ചു സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ഷെട്ടി പറഞ്ഞു. മൂന്നു മണിക്കൂര്‍ വീതമുള്ള രണ്ടു ഘട്ടങ്ങളായി 2020ഓടെ ചിത്രം പുറത്തിറക്കുമെന്നും ഷെട്ടി പറയുന്നു. യൂണിമണി, യുഎഇ എക്‌സ്‌ചേഞ്ച് അടക്കമുള്ള സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് മംഗലാപുരം സ്വദേശിയായ ബിആര്‍ ഷെട്ടി.

Exit mobile version