മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയോട് പ്രതികരിച്ച് സുഹൃത്തും സംവിധായകനുമായ മേജര്‍ രവി രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി തന്റെ ആരാധകരോട് സംവാദിച്ചത്. മോഹന്‍ലാലിന് പൊളിറ്റിക്‌സില്‍ താത്പര്യമില്ലെന്നും അദ്ദേഹത്തെ കലാകാരനായി തുടരാന്‍ അനുവദിക്കണമെന്നും മേജര്‍ രവി തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേ സമയം വല്ല ഡിഫന്‍സ് മിനിസ്റ്ററോ മറ്റോ ആക്കിയാല്‍ ഒരു കൈ നോക്കാമെന്നും മേജര്‍ രവി പറഞ്ഞു. ചില നേതാക്കളടക്കം മോഹന്‍ലാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇത് വെറും ശുദ്ധ അസംബന്ധമാണെന്നും ഇലക്ഷന് നിന്ന് വെയ്സ്റ്റാക്കി കളയേണ്ട ഒരു കലാകാരനല്ല മോഹന്‍ലാല്‍ എന്നും മേജര്‍ രവി പറഞ്ഞു.
ഫേസ്ബുക്ക് ലൈവില്‍ വന്ന മേജര്‍ രവി സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചാണ് തുടങ്ങിയത്. മൂന്നാറില്‍ എംഎല്‍എ കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവത്തിനാണ് മേജര്‍ സര്‍ക്കാറിനെ അഭിനന്ദിച്ചത്. അത്തരത്തില്‍ തെറ്റ് ചെയ്യുന്നവരെ പിടിച്ച് പുറത്താക്കുന്ന പാര്‍ട്ടികളെയാണ് നമുക്ക് വേണ്ടതെന്നും മേജര്‍ രവി പറഞ്ഞു.
അതേ സമയം നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിന് വിമര്‍ശിച്ച സെന്‍കുമാറിനെ രൂക്ഷമായ ഭാഷയില്‍ മേജര്‍ രവി വിമര്‍ശിച്ചു. ഇതിനു പുറമെ ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം നമ്മള്‍ വോട്ട് ചെയ്യേണ്ട സമയമാണെന്നും ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെ പോലെ പ്രതികരിക്കുന്ന മന്ത്രിമാരെ നമുക്ക് വേണ്ടെന്നും മേജര്‍ രവി പറഞ്ഞു. ബുദ്ധി ഉപയോഗിച്ച് ആളെ കണ്ടും തരം നോക്കിയും വേണം വോട്ട് ചെയ്യാന്‍ എന്നും ഇനി തെരഞ്ഞെടുക്കേണ്ടത് നമുക്ക് ഉതകുന്നവരെ ആയിരിക്കണമെന്നും മേജര്‍ രവി പറഞ്ഞു.
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഏലൂക്കരയില്‍ താന്‍ ഇന്നലെ പോയെന്നും അവിടുത്ത പ്രളയ ബാധിതര്‍ക്ക് സര്‍ക്കാറില്‍ നിന്ന് പണം ലഭിച്ച് തുടങ്ങിയെന്നും ഇതൊന്നും ഒരു പത്രത്തിലും വന്നിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു. 40,000രൂപയും 60000രൂപയുമൊക്കെ അക്കൗണ്ടിലെത്തിയെന്നാണ് അവര്‍ പറഞ്ഞതെന്നു കൂടി പറഞ്ഞാണ് മേജര്‍ രവി തന്റെ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.
Discussion about this post