സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന സേവ് ലുട്ടാപ്പി ക്യാംപെയിന്‍ ഏറ്റെടുത്ത് ഗായകന്‍ വിധു പ്രതാപ്. ബാലരമ ലുട്ടാപ്പിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ല. ലുട്ടാപ്പിയില്ലെങ്കില്‍ മായാവി വെറും തൊഴില്‍രഹിതനാണെന്ന് ഓര്‍ക്കണമെന്നും വീഡിയോയില്‍ വിധു പറയുന്നു.
”വയസ്സായി എന്നുകരുതി ഒരിക്കലും ഒരാളെ പുറത്താക്കരുത്, പ്രായമായവര്‍ പകര്‍ന്നുതന്ന സംഭാവനകള്‍ എന്തെന്ന് നാം ഓര്‍ക്കണം. ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയിരിക്കുന്നത്. എനിക്കിതിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല”-വിധു പറയുന്നു.
മായാവിയാണ് ബാലരമയില്‍ കയ്യടി വാങ്ങിയിരുന്നത് എന്നതൊക്കെ ശരിതന്നെ. പക്ഷേ ലുട്ടാപ്പിയില്ലെങ്കില്‍ മായാവി വെറും തൊഴില്‍രഹിതനാണ് എന്നത് നാം ഓര്‍ക്കണം. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി എന്നുപറഞ്ഞ് കണ്ണുതുടച്ചാണ് വിധു വിഡിയോ അവസാനിപ്പിക്കുന്നത്.
അതേസമയം ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്ന് ബാലരമ പ്രതികരിച്ചു. ”അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികെയെത്തും. ലുട്ടാപ്പിയുടെ ഫാൻസ് പവർ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയിൽ തുടങ്ങും.അതോടൊപ്പം ഡിങ്കിനിയുമായി ഒരു നേർക്കുനേർ അഭിമുഖസംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാം”-അണിയറക്കാർ പറഞ്ഞു.