മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് മികച്ച പ്രേക്ഷക പ്രതികരണവുമായി
മുന്നേറുകയാണ്. കേരളത്തിലും പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമാ ലോകത്തിന് പുറമേ തമിഴ് സിനിമാ ലോകം മമ്മൂട്ടിയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തുകയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ അവാര്‍ഡ്ദാന ചടങ്ങിനെത്തിയ മമ്മൂട്ടി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്. അതിലൊന്ന് ദുല്‍ഖറിന്റെ അഭിനയത്തെ കുറിച്ചായിരുന്നു.
തമിഴ് നടന്മാരായ ശിവയും സതീഷുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് സിനിമകളൊക്കെ കാണാറുണ്ടോ? അഭിനയം എങ്ങനെയുണ്ടെന്നായിരുന്നു ശിവയുടെ ചോദ്യം. ദുല്‍ഖറിന്റെ തമിഴ് ചിത്രങ്ങളൊക്കെ കാണാറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി മകന്റെ അഭിനയം തരക്കേടില്ലെന്നാണ് സരസമായി പറഞ്ഞത്. ഇത് ചടങ്ങില്‍ ചിരിപടര്‍ത്തി. ദുല്‍ഖറിനോ മമ്മൂട്ടിക്കോ ആരാധികമാര്‍ അധികമെന്ന് ചോദിച്ചപ്പോള്‍ അത് ദുല്‍ഖറിനോട് ചോദിക്കണമെന്നാണ് മമ്മൂട്ടിയുടെ ഉത്തരം.
എന്തുകൊണ്ടാണ് സാര്‍ തമിഴ് സിനിമയില്‍ നിന്ന് പത്ത് വര്‍ഷം ഇടവേള എടുത്തത് എന്ന ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ ഉത്തരം ഇതായിരുന്നു. നാല്‍പത്, നാല്‍പത്തിയഞ്ച് വയസ്സുള്ള കഥാപാത്രത്തെയാണ് ഞാന്‍ പേരന്‍പില്‍ അവതരിപ്പിക്കുന്നതെന്നും ഈ വയസ്സിലേയ്ക്ക് എത്താന്‍ വേണ്ടിയാണ് ഇത്രയും വര്‍ഷങ്ങള്‍ കാത്തിരുന്നത്.