നമ്മളല്ലാതെ മറ്റൊരാളായി മാറാന്‍ കഴിയുന്നതാണ് അഭിനയത്തിലെ സന്തോഷം, എന്നാല്‍ പുതിയ നടിമാര്‍ക്ക് അഭിനയത്തിനേക്കാള്‍ പ്രാധാന്യം സൗന്ദര്യസംരക്ഷണത്തിന്; നെടുമുടി വേണു

പരിപാടിയല്‍ തിലകനെയും ജഗതിയെയും ഭരത് ഗോപിയെയും കുറിച്ചുള്ള ഓര്‍മ്മകളും താരം പങ്കുവെച്ചു

നമ്മളല്ലാതെ മറ്റൊരാളായി മാറാന്‍ കഴിയുന്നതാണ് അഭിനയത്തിലെ സന്തോഷമെന്ന് നടന്‍ നെടുമുടി വേണു. എന്നാലിപ്പോള്‍ സിനിമയില്‍ വരുന്ന പുതുമുഖ നടിമാര്‍ അഭിനയത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് സൗന്ദര്യ സംരക്ഷണത്തിനാണെന്നും, ബുദ്ധിയും ശ്രദ്ധയും ഉപയോഗിച്ച് അഭിനയശേഷിയെ കൂടുതല്‍ മികവുറ്റതാക്കാന്‍ അവര്‍ ശ്രദ്ധിക്കേണമെന്നും നെടുമുടി വേണു കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയുടെ ക അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നെടുമുടി വേണു.

പരിപാടിയല്‍ തിലകനെയും ജഗതിയെയും ഭരത് ഗോപിയെയും കുറിച്ചുള്ള ഓര്‍മ്മകളും താരം പങ്കുവെച്ചു. തിലകന്‍ നാടകത്തിലും സിനിമയിലും ഒരുപോലെ വിജയിച്ചയാളാണ്. ജഗതിയെ പോലെ മറ്റൊരാളില്ല സിനിമയില്‍. അഭിനയിച്ച 99 ശതമാനവും മോശം സിനിമകളാണെങ്കിലും അതിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണെന്നും നെടുമുടി വേണു പറഞ്ഞു.

ഭരത് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അദ്ദേഹം മരിച്ചെന്ന് കേട്ടപ്പോള്‍ തന്റെ ഒരു ഭാഗം തളര്‍ന്നുപോയതു പോലെ തോന്നി എന്നാണ് നെടുമുടി വേണു പറഞ്ഞത്. ഗോപിയുമായുള്ള കോമ്പിനേഷന്‍ സീനുകളുള്ള സിനിമകള്‍ പല പ്രമുഖ സംവിധായകരുടെയും അണിയറയില്‍ ഒരുങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. കണ്‍ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കുന്ന അഭിനയ പ്രതിഭയായിരുന്നു ഭരത് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version