തിരുവനന്തപുരം: ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 7മുതല്‍ 13 വരെയുള്ള തീയതികളില്‍ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് നടത്തുക. ഏഴ് ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന മേളയില്‍ 14 തിയേറ്ററുകളിലായി 150ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇക്കാര്യം അറിയിച്ചത് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്.
ഡെലിഗേറ്റ് ഫീസ് 2000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുമാണ് ഈടാക്കുക. റീജിയണല്‍ സെന്ററുകള്‍ വഴി 2500 പാസുകള്‍ നല്‍കും. അഞ്ച് സെന്ററുകളിലായി 500 പാസുകള്‍ വീതമാണ് നല്‍കുക. നവംബര്‍ 10ന് ഓണലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. ഇത്തവണ ഫ്രീ പാസുകള്‍ ഉണ്ടാകില്ല. ഗസ്റ്റുകള്‍ക്ക് മാത്രമായിരിക്കും ഫ്രീ പാസ് ലഭിക്കുക. 200 പാസുകള്‍ 50 വയസ് കഴിഞ്ഞവര്‍ക്കായി നീക്കിവെക്കും. പണം നല്‍കിയുള്ള സാംസ്‌കാരിക പരിപാടികള്‍ ഇത്തവണ ഉണ്ടാകില്ലെന്നും സംഘാടകര്‍ അറിയിച്ചു.
ഒപ്പം ഐഎഫ്എഫ്‌കെ ചാലഞ്ച് കാമ്പയിനും തുടങ്ങും. സ്‌പോണ്‌സര്‍ ഷിപ്പിലൂടെയും തുക കണ്ടെത്താന്‍ ശ്രമിക്കും. കെഎസ്എഫ്ഡിസി തിയേറ്റര്‍, നിശാഗന്ധി, ടാഗോര്‍ എന്നിവ സൗജന്യമായി ലഭിച്ചെന്നും ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.