ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ വെച്ച് ഒരു സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗിനിടയില്‍ ഒരു സംവിധായകന്‍ മോശമായി പെരുമാറിയതിനു പിന്നാലെ ശക്തമായി പ്രതികരിച്ചതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞത്.
‘റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി ഡബ്ബ് ചെയ്യുകയാണ്. ഡബ്ബിംഗിനിടയില്‍ റേപ്പിങ് ശരിയാകുന്നില്ല എന്നു സംവിധായകന്‍ വിളിച്ചു പറയുന്നുണ്ട്. റേപ്പിംഗ് ഞാനല്ലല്ലോ ചെയ്യുന്നത്, വില്ലനല്ലേ. അതിനാല്‍ അയാള്‍ക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് ഞാന്‍ പറയുന്നുണ്ട്. റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ശബ്ദം കൊടുക്കാനല്ലേ ഞാന്‍ വന്നിരിക്കുന്നത്. അലറി വിളിക്കുകയെന്ന ജോലിയല്ലേ എനിക്കു ചെയ്യാനാകൂ. എന്നെ വിടൂ എന്നെ വിടൂവെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കുറേ ടേക്കുകളെടുത്തിട്ടും സംതൃപ്തനായിരുന്നില്ല അയാള്‍. കുറച്ചു കഴിഞ്ഞ് എണീറ്റു നിന്ന് ബഹളം തുടങ്ങി.’
‘ഒരു റേപ്പ് സീന്‍ പോലും ഒന്നു മര്യാദക്ക് ഡബ്ബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്തു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണു നിങ്ങളെന്നു ചോദിച്ച് സംവിധായകന്‍ ഒരു വൃത്തികെട്ട വാക്കു വിളിച്ചു പറഞ്ഞു. ഒടുവില്‍ സഹികെട്ട് ക്ഷമിക്കണം, ഞാനീ ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്നില്ലെന്നു പറഞ്ഞു പുറത്തേക്കിറങ്ങി. അപ്പോഴും അയാള്‍ വിട്ടില്ല. പിന്നാലെ വന്ന് എടീ പോടീയെന്നൊക്കെ ചീത്ത വിളിച്ചു തുടങ്ങി.
അതു ശരി, അങ്ങനെ നീ പോകുമോ നിന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിട്ടേയുള്ളൂവെന്ന് അയാള്‍. കയറെടീ അകത്ത് എന്നു പറഞ്ഞായി പിന്നീട് ശാസനം. എടീ പോടീയെന്നൊക്കെ വിളിച്ചാല്‍ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. വിളിച്ചാല്‍ എന്തു ചെയ്യുമെന്നായി അയാള്‍. ഒന്നു കൂടി വിളിച്ചു നോക്ക് എന്നു ഞാനും പറഞ്ഞു. അയാള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ തന്നെ അയാളുടെ മുഖത്ത് ഒറ്റയടി കൊടുത്തു’. ഭാഗ്യലക്ഷ്മി പറഞ്ഞു. പിന്നീട് ആ ചിത്രം വേണ്ടെന്ന് വെച്ച് മടങ്ങിയെന്നും ഭാഗ്യലക്ഷി വെളിപ്പെടുത്തുന്നു.
Discussion about this post