സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബിന്റെ(സിപിസി) 2018ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും സുഡാനിയിലൂടെ സക്കറിയയും മുഹസിന് പരാരിയും സ്വന്തമാക്കി.
ജോജു ജോര്‍ജാണ് മികച്ച നടന്. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഈ മ യൗമിലൂടെ ലിജോ ജോസ് പെല്ലിശേരി തുടര്‍ച്ചയായ രണ്ടാം വട്ടവും മികച്ച സംവിധായകനുള്ള സിപിസി പുരസ്കാരം നേടിയെടുത്തു. വരത്തനിലെ കഥാപാത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
മികച്ച ഛായാഗ്രാഹകനായി ഷൈജു ഖാലിദ് തെരഞ്ഞെടുക്കപ്പെട്ടു. സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ എന്നീ സിനിമകളുടെ ക്യാമറയാണ് ഖാലിദിനെ അവാര്‍ഡിനര്‍ഹനാക്കിയത്. മികച്ച സ്വഭാവ നടന് വിനായകന് (ഈ മ യൗ), സഹനടിയായി രണ്ടു പേരെ തെരഞ്ഞെടുത്തു. പോളി വില്‍സണ്‍ (ഈ മ യൗ), സാവിത്രി ശ്രീധരന് (സുഡാനി ഫ്രം നൈജീരിയ)
നൗഫല്‍ അബ്ദുള്ള (മികച്ച എഡിറ്റര്‍), പ്രശാന്ത് പിള്ള (മികച്ച പശ്ചാത്തല സംഗീതം) ,രണം ടൈറ്റില്‍ ട്രാക്ക് (മികച്ച ഒര്‍ജിനല്‍ സോംഗ്), രംഗനാഥ് രവി (മികച്ച സൗണ്ട് ഡിസൈനിംഗ്), എന്നിവരാണ് മറ്റ് പുരസ്കാരങ്ങള്‍ നേടിയത്. ഫെബ്രുവരി 17ന് കൊച്ചി ഐഎംഎ ഹാളില്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.
Discussion about this post