മോഹന്‍ലാലിനെ മാത്രം വേട്ടയാടേണ്ട; ആദ്യം ചോദ്യം ചെയ്യേണ്ടത് മമ്മൂട്ടിയെ; ദിലീപിന്റെ രാജിയില്‍ ഷമ്മി തിലകന്‍

തിരുവനന്തപുരം: ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിനെ മാത്രം വേട്ടയാടുന്ന നടപടിയെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യം ചെയ്യേണ്ടതെന്നായിരുന്നു ഷമ്മി തിലകന്റെ ചോദ്യം. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിയെയല്ലേ ചോദ്യം ചെയ്യേണ്ടത് എന്നും ഷമ്മി തിലകന്‍ ചോദിച്ചു.

ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.

‘അമ്മയില്‍ നിന്നുള്ള ദിലീപിന്റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്.

മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്’. ഷമ്മി പറഞ്ഞു. ദിലീപിന്റെ രാജിക്കത്ത് പുറത്തായതിന് പിന്നാലെയാണ് നടന്റെ പ്രതികരണം.

Exit mobile version