മെഗാസ്റ്റാര്‍ മമ്മൂട്ടി പേരന്പ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍. തമിഴിലെ ഒരു ചാനല്‍ ഷോയ്ക്കിടയിലാണ് നിര്‍മ്മാതാവ് ഇക്കാര്യം പറഞ്ഞത്.
ഇത് കേട്ട് അദ്ഭുതപ്പെട്ട ഷോയുടെ അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍ എന്ന് ചോദിച്ചപ്പോഴുള്ള മാസ് മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ’ എന്നായിരുന്നു മമ്മൂട്ടി നല്കിയ മറുപടി.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്പ്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫെബ്രുവരി ഒന്നിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.
Discussion about this post