നമ്പി നാരായണനായി മാധവന്‍; മേക്ക് ഓവര്‍ കണ്ട് ഞെട്ടി ആരാധകര്‍

അതേ സമയം ചിത്രത്തിന്റെ സംവിധാനവും മാധവന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കിടിലന്‍ മേക്ക് ഓവറില്‍ വന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ മാധവന്‍. നമ്പിനാരായണന്റെ അതേ രൂപ ഭാവത്തോടെയുള്ള മാഡിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താരം തന്നെയാണ് ഈ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

അതേ സമയം ചിത്രത്തിന്റെ സംവിധാനവും മാധവന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നേരത്തെ ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ഉളളതിനാല്‍ ആനന്ദ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മാധവന്‍ തന്നെയാണ് അറിയിച്ചത്.

‘ആനന്ദ് മഹാദേവന്‍ വളരെ കഴിവുള്ള സംവിധായകനാണ്. എന്നാല്‍ ചില ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് മാറി നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയാണ്. ഈ ചിത്രം ഒരുപാട് കാരണങ്ങള്‍ കൊണ്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ നമ്പി നാരായണന്റെ കഥ ലോകത്തോട് പറയാന്‍ ഇനി കാത്തിരിക്കാനാവില്ല’ മാധവന്‍ വ്യക്തമാക്കി. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് മാധവന്‍ എത്തുന്നത്. നമ്പി നാരായണന്റെ 27 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ള കാലഘട്ടമാണ് ചിത്രീകരിച്ചിരിക്കുന്നത്.

നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ‘റോക്കട്രി-ദ് നമ്പി എഫക്ട്’ എന്ന ചിത്രം ഒരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യും.

Exit mobile version