അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ നടിയാണ് രജിഷ വിജയന്‍. അവതാരികയായി മിനിസ്്ക്രീനില്‍ തിളങ്ങിയ രജിഷ എലിസബത്ത് എന്ന കഥാപാത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കെത്തിയത്.
ഈ ചിത്രത്തിന് ശേഷം ചുരുക്കം സിനിമകളില്‍ അഭിനയിച്ച രജിഷയെ പിന്നെ സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഇപ്പോള്‍ ജൂണ്‍ എന്ന സിനിമയിലൂടെയാണ് രജിഷയുടെ തിരിച്ചു വരവ്. സിനിമയില്‍ നിന്ന് താന്‍ മനഃപൂര്‍വ്വം വിട്ടു നിന്നതാണെന്നാണ് രജിഷാ പറയുന്നത്.
സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു. ഇത്രയും കാലം ഞാന്‍ ചെയ്ത കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍, മാത്രമേ ജൂണിലെ കഥാപാത്രത്തിന് ഫ്രെഷ്നസ് ലഭിക്കൂ. മാത്രമല്ല കഥാപാത്രത്തിന്റെ കഥാനുസൃതമായ വളര്‍ച്ചയ്ക്ക് ഒരു വര്‍ഷം വേണ്ടിവന്നു. എല്ലാതരത്തിലും ഞങ്ങളെല്ലാം ഈ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഇത്രയുംകാലം മാറ്റിവെക്കുകയായിരുന്നു.’ രജിഷ പറഞ്ഞു.
രജിഷ വിജയന്‍ അമ്പരപ്പിക്കുന്ന മെയ്ക്കോവറില്‍ എത്തുന്ന അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍. 17 വയസ് മുതല്‍ 25 വയസ് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് സിനിമയില്‍ പറയുന്നത്. അതിനാല്‍ 17 വയസുള്ള ഒരു കുട്ടിയുടെ ലുക്കിലും 25 വയസുള്ള പെണ്‍കുട്ടിയുടെ ലുക്കിലും രജിഷ ചിത്രത്തില്‍ എത്തുന്നു. ഇതിനായി ഡയറ്റിംഗും ജിം വര്‍ക്കൗട്ടിംഗും മറ്റുമായി ഒന്‍പത് കിലോയോളമാണ് ചുരുങ്ങിയ നാള്‍ കൊണ്ട് രജിഷ കുറച്ചത്.
ഒരു പെണ്‍കുട്ടിയുടെ ആദ്യപ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്. നായികാ കേന്ദ്രീകൃതമായ സിനിമയാകും ജൂണ്‍ എന്നും വിജയ് ബാബു പറയുന്നു.
Discussion about this post