മുംബൈ: വിവേക് ഒബ്റോയി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവതരിപ്പിക്കുന്ന മോഡിയുടെ ബയോപിക് എല്ലാവരെയും പ്രചോദിപ്പിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിങ്ങ്. ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര എല്ലാവരേയും പ്രചോദിപ്പിക്കാനുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിന്നാലെ ഈ ചിത്രം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മോഡിയെ പുകഴ്ത്താനുള്ള മാര്‍ഗ്ഗമാണെന്ന് വിമര്‍ശനം വന്നിരുന്നു. ഇതിന് മറുപടിയായാണ് നിര്‍മ്മാതാവിന്റെ പ്രതികരണം. ഈ സിനിമ ആരെയും പുകഴ്ത്തുന്നതല്ല. ഇത് ആളുകളോട് പറയേണ്ട ഒരു കഥയാണ്. ഇതിന്റെ ഉള്ളടക്കത്തിലാണ് പ്രധാനം എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് അവകാശപ്പെടുന്നത്.
മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. ‘എന്റെ രാജ്യത്തോടുള്ള സ്‌നേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിന്റെ വലിയൊരു ഭാഗവും ഗുജറാത്തിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിനായി മൂന്ന് വര്‍ഷമായി ജോലിയിലായിരുന്നെന്ന് സംവിധായകന്‍ ഓമങ്ങ് കുമാര്‍ പറയുന്നു. നിലവിലെ രാഷ്ട്രീയ വികാസങ്ങളുമായി ഈ ചിത്രത്തിന് ഒരു ബന്ധവുമില്ലെന്നും സിനിമുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post