സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ തമിഴ് സിനിമാ, നാടക വേദികളിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കാന്‍ നടികര്‍ സംഘം. നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ ഒരാഴ്ച്ച മുന്‍പ് പ്രഖ്യാപിച്ചതാണ് ഇത്. അതിക്രമങ്ങള്‍ നേരിടുന്നപക്ഷം സ്ത്രീകള്‍ക്ക് വേഗത്തില്‍ സമീപിക്കാനാവുന്ന സമിതിയാവും നടപ്പില്‍ വരികയെന്ന് നടികര്‍ സംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടികര്‍ സംഘം വേണ്ട നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനും സമിതി രൂപീകരിക്കും. നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെയാണ് തമിഴ് സിനിമയില്‍ ആദ്യത്തെ മീ ടൂ ആരോപണം വന്നത്. ഗായിക ചിന്മയിയും വീഡിയോ ജോക്കി ശ്രീരഞ്ജിനി, നടി ലക്ഷ്മി രാമകൃഷ്ണന്, കവിയും സംവിധായികയുമായ ലീന മണിമേഖലൈ, സംവിധായിക ഉഷ എന്നിവര്‍ മീ ടൂ ക്യാംപെയ്ന്റെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തമിഴിലെ മീ ടൂ ആരോപണങ്ങളോട് നടികര്‍ സംഘം ഭാരവാഹി എന്ന നിലയില്‍ പ്രതികരിക്കാത്തതിന് തുടക്കത്തില്‍ വിശാല്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ നേരിട്ടിരുന്നു.
Discussion about this post