വടചെന്നൈ; ഇടത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തുന്ന വെട്രിമാരന്റെ ക്ലാസ് ഗാങ്സ്റ്റര്‍ കാഴ്ച

ആരാണ് ശരിയെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ കഴിയാതെ ഒരു ചതുരംഗവേട്ട പോലെയാണ് വടചെന്നൈയുടെ കഥാവികാസം. കാഴ്ചകാരന്‍ ഒരു പക്ഷത്ത് നില ഉറപ്പിക്കുമ്പോള്‍ ശരിയെ മറുപക്ഷത്തേക്ക് നീക്കുന്ന ഒരു ക്രാഫ്റ്റുണ്ട് തിരക്കഥയില്‍.

നിധിന്‍ നാഥ് 4.5 / 5

വടക്കന്‍ ചെന്നെയിലെ കടലോര ഗ്രാമത്തിന്റെ കഥയാണ് വടചെന്നൈ. അന്‍പ്(ധനുഷ്) എന്ന കാരംബോര്‍ഡ് കളികാരനില്‍ നിന്ന് ഒരു സാഹചര്യത്തില്‍ ആ നാടിന്റെ വായൂവില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ഗുണ്ട സംഘങ്ങളിലേക്ക് അന്‍പ് എത്തിച്ചേരുന്നതും പിന്നീട് ഉയര്‍ന്ന പ്രതിരോധ രാഷ്ട്രീയമാണ് സിനിമ. ഒരു കാരംസ് ബോര്‍ഡിന് ഇരുവശവുമിരുന്ന് കളിക്കുകയും കളി തീരുമ്പോള്‍ കൈ കൊടുത്ത് പിരിയുകയും ചെയ്യുന്ന ശത്രുതയാണ് അന്‍പിനുള്ളത്. പ്രവര്‍ത്തിയിലെ ശരിതെറ്റുകളല്ല, നമ്മള്‍ ആര്‍ക്ക് വിശ്വസ്തനായിരിക്കുന്നതാണ് കാര്യമെന്ന ചിന്തയിലേക്കുള്ള അയാളുടെ പരിണാമമാണ്- വടചെന്നൈ.

ചോരതെറിക്കുന്ന പതിവ് ഗാങ്സ്റ്റര്‍ സിനിമകാഴ്ചകളില്‍ നിന്ന് വടചെന്നൈ വ്യത്യസ്ഥാവുമ്പോള്‍ തന്നെയും വയലന്‍സ് കാണാന്‍ കഴിയാതെയിരിക്കുന്നവര്‍ക്ക് എത്രത്തോളം സിനിമ കണ്ട് തീര്‍ക്കാന്‍ കഴിയുമെന്നത് സംശയകരമാണ്. സിനിമയുടെ പരിചരണത്തിലെ വയലന്‍സ് കൊണ്ട് തന്നെ എ സര്‍ട്ടിഫിക്കേറ്റുമായാണ് സിനിമ തിയേറ്ററിലെത്തിയത്.

സാഹചര്യം ഗുണ്ടയാക്കുന്ന, ലോക്കല്‍ ഗാങുകളുടെ കഥയെല്ലാം തമിഴ് സിനിമയില്‍ തന്നെ സുപരിചിത്രമാണെങ്കിലും വെട്രിമാരന്റെ മികവ് ഇതിനപ്പുറം ഒരു ചലച്ചിത്ര ഭാഷ്യം വടചെന്നൈയ്ക്ക് ലഭിക്കുന്നുണ്ട്. 50 കഥാപാത്രങ്ങള്‍ പ്രധാന്യമുള്ള സിനിമ. അതില്‍ തന്നെ ഒഴിച്ച് കൂടാനാവാത്ത 20തോളം കഥാപാത്രങ്ങയളിലൂടെയാണ് വടചെന്നൈയുടെ ആവിഷ്‌കാരം. അന്‍പിനെ കേന്ദ്രകഥാപാത്രമായി നിര്‍ത്തുമ്പോഴും ഒരോ കഥാപാത്രത്തിലും അതിസൂക്ഷമമായ ഡിറ്റേലിങ് സമാനിക്കുന്നുണ്ട് വടചെന്നൈ.

ഗാങ് വാര്‍ സിനിമയാണെന്ന് ഒറ്റകാഴ്ചയില്‍ തോന്നുമെങ്കിലും കൃത്യമായ രാഷ്ട്രീയം കൂടി ഉയര്‍ത്തി പിടിക്കുന്നുണ്ട് വെട്രിമാരന്‍. പാ രഞ്ജിത്ത് തന്റെ സിനിമകളില്‍ പഞ്ച് ഡയലോഗുകളിലൂടെ രാഷ്ട്രീയം പറയുമ്പോള്‍ അതിന് സിനിമാറ്റിക് കാഴ്ച ഒരുക്കുകയാണ് വെട്രിമാരന്‍. മൂന്ന് ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ ആദ്യ ഭാഗമാണ് 2.45 മണിക്കൂറിനടുത്തുള്ള വടചെന്നൈ. അത് കൊണ്ട് തന്നെ സിനിമയുടെ പശ്ചാത്തലം, കഥാപാത്രങ്ങള്‍ ഇവരുടെ ഒരു പരിചയപ്പെടുത്തല്‍ മാത്രമായാണ് സിനിമയെ അവതരിപ്പിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ, ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും വളര്‍ച്ച അവരുടെ ജീവിത്തിന്റെയെല്ലാം കൃത്യമായ പോട്രേയല്‍ സമ്മാനിക്കുന്നുണ്ട്. ആക്രമണമാണോ അതോ പ്രതിരോധമാണോയെന്ന് മനസിലാക്കാന്‍ കഴിയാത്ത ഒരു രംഗത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ആരാണ് ശരിയെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ കഴിയാതെ ഒരു ചതുരംഗവേട്ട പോലെയാണ് വടചെന്നൈയുടെ കഥാവികാസം. കാഴ്ചകാരന്‍ ഒരു പക്ഷത്ത് നില ഉറപ്പിക്കുമ്പോള്‍ ശരിയെ മറുപക്ഷത്തേക്ക് നീക്കുന്ന ഒരു ക്രാഫ്റ്റുണ്ട് തിരക്കഥയില്‍. ഒരോ കഥാപാത്രത്തിനും ഒരു ഇമേഷ് സമാനിക്കുകയും പിന്നീട്ട് അവരുടെ ഡിറ്റേലിങിലൂടെ അതിനെ മാറ്റിമറിക്കുകയുമൊക്കെ ചെയ്താണ് വെട്രിമാരാന്‍ വടചെന്നൈ മുന്നോട്ട് കൊണ്ട് പോകുന്നത്.

ആളുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പരിചയപ്പെടുത്തുകയും അതില്‍ വിവിധ കാലങ്ങളിലുണ്ടായ മാറ്റങ്ങളെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയും ചെയ്യുന്നിടതാണ് വെട്രിമാരന്‍ എന്ന സംവിധായകന്‍ തമിഴ് സിനിമലോകത്ത് നമ്പര്‍ വണ്‍ സംവിധായകന്റെ കേസരയില്‍ സ്ഥാനം പിടിച്ചുവെന്ന് ഉറപ്പിക്കാന്‍ കഴിയുന്നത്. 20തോളം വരുന്ന കഥാപാത്രങ്ങളെ ഇത്രയും സൂക്ഷമമായി സംശയങ്ങളിലാതെ പ്രേക്ഷകനിലേക്ക് എത്തിക്കുകയെന്ന സമാന്യം ബുദ്ധിമുട്ടേറിയ ജോലി നിസാരമായി പൂര്‍ത്തികരിക്കുന്നുണ്ട് വെട്രിമാരന്‍.

നന്മ മരങ്ങളായ കഥാപാത്രങ്ങളിലാത്ത സിനിമയില്‍ തങ്ങളുടെ നേരെയുണ്ടാവുന്ന ചൂഷണങ്ങളെ തിരിച്ചറിയുന്നവരും അതിന് കഴിയാതെ പോകുന്നവരുമായ രണ്ട് തരത്തിലുള്ള കഥാപാത്രങ്ങളാണ് കടല്‍ കാറ്റിനും ഉപ്പ് രസത്തിനുമൊപ്പവുമുള്ള വടചെന്നൈയുടെ ജീവിതങ്ങള്‍. ദേശീയ കാരംസ് ചാമ്പ്യനാവണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ചെറുപ്പക്കാരനാണ് അന്‍പ്. എന്നാല്‍ സാഹചര്യം അതില്‍ നിന്ന് വേറൊരു വേഷം അന്‍പിന് നല്‍കുമ്പോള്‍ അയാളുടെ ജീവിതത്തിന്റെ പ്രധാന നിമിഷങ്ങളിലെല്ലാം തന്നെ കാരംസ് കളി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കാരംസ് കളിയിലെ കോയിന്‍ കുഴില്‍ വീഴ്ത്താനുള്ള തന്ത്രവും വേഗതയുമാണ് അന്‍പിനെ നിലനില്‍ക്കാന്‍ തന്നെ കരുത്ത് നല്‍കുന്നത്.

അന്‍പിലൂടെ പറയുമ്പോഴും വടചെന്നൈ അന്‍പിന്റെ കഥയല്ല. അത് ആരുടെതാണെന്ന ഉത്തരം ലഭിക്കണമെങ്കില്‍ അടുത്ത ഭാഗം വരെ കാത്തിരിക്കണമെന്ന ഉത്തരമാണ് വെട്രിമാരന്‍ നല്‍കുന്നത്. കരുത്ത്, ധൈര്യം എന്നിവയ്‌ക്കൊപ്പം ചതിയുടെയും കഥയാണ് വടചെന്നൈ.

കാരംസ് വഴങ്ങുന്ന കൈയില്‍ കത്തി വങ്ങരുതെന്ന് അന്‍പിനെ ഉപദേശിക്കുന്നുണ്ട് രാജന്‍(അമീര്‍). ഇതിനെ കുറിച്ച് നല്ല തിരിച്ചറിവുള്ള അന്‍പില്‍ നിന്നുള്ള ഗാങ്സ്റ്ററിലേക്കുള്ള മാറ്റം കേവലം കഥാപാത്രത്തിന്റെ മാത്രം ഷിഫ്റ്റലാതെയാണ് വെട്രിമാരന്‍ അവതരിപ്പിക്കുന്നത്. കാരംസ് കളിക്കാന്‍ കഴിയാതെ വരുന്ന അന്‍പില്‍ നിന്ന് ദമാ തുണ്ട് ആങ്കര്‍ താന്‍ഡാ ഇവളോം പെരിയ കപ്പലെ നിര്‍ത്തിറത്ത് എന്ന ഡയലോഗിലേക്ക് എത്തുന്നതിലുടാവുന്ന മാറ്റം ധനുഷ് എന്ന നടന്റെ മികവിന്റെ അളവ് കോല്‍ കൂടിയാണ്. കാമുകനായും പാവം പയ്യനായും എന്തും ചെയ്യാന്‍ തയ്യാറുന്നവനായും പിന്നീട് പ്രതിരോധത്തിന്റെ മുഖമായും മികച്ച പ്രകടനമാണ് ധനുഷിന്റെത്.

ഏറ്റവും മികച്ച ക്രാഫ്റ്റില്‍ ഒരുക്കിയ സിനിമയുടെ മറ്റൊരു മികവ് അതിന്റെ കാസ്റ്റിങാണ്. ഇവര്‍ക്കപ്പുറം മറ്റ് ആളുകളില്ലെന്ന് തോന്നുന്ന മികവാണ് ഒരു കഥാപാത്രങ്ങളും. ഗുണ (സമുദ്രക്കനി), സെന്തില്‍ (കിഷോര്‍) ചന്ദ്ര (ആന്‍ഡ്രിയ ജെര്‍മിയ) തമ്പി (ഡാനിയല്‍ ബാലാജി) എന്നിവരും സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളായ പത്മ(ഐശ്വര രാജേഷ്) ആന്‍ഡ്രിയ(ചന്ദ്ര) മികച്ച പ്രകടമാണ് നടത്തുന്നത്. ഒരോ കഥാപാത്രങ്ങളെയും സൂക്ഷമമായി പരിശോധിച്ചാല്‍ കൈയ്യടി സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ അവതരിപ്പിച്ച രാജനാണ്.

വെട്രിമാരന്റെ മികവിനെ വെല്ലുന്ന മികവ് പുലര്‍ത്തുന്നത് വെല്‍രാജിന്റെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവുമാണ്. ഒരു കഥാപാത്രത്തിനെയും സാഹചര്യങ്ങളെയും അടയാളപ്പെടുത്തുന്ന പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ വഹിക്കുന്ന പങ്ക് അത്ര വലുതാണ്. കഥ പിന്നിടുമ്പോള്‍ ഇതെല്ലാം ഊഹിക്കാന്‍ കഴിയുന്നതാണല്ലോയെന്ന് തോന്നിപ്പിക്കുന്നതാണ് സിനിമയുടെ കഥാഗതി. എന്നാല്‍ കാഴ്ചയുടെ നിമിഷങ്ങളില്‍ അതിന് കഴിയാതെ പോകുന്ന തരത്തില്‍ പ്രേക്ഷകനെ വടചെന്നൈയിലെ കടലോര ഗ്രാമത്തിലേക്ക് പ്രേക്ഷനെ കൊണ്ട് പോകുന്നുണ്ട്. ഈയൊരു അനുഭവം സമ്മാനിക്കുന്നതില്‍ സന്തോഷ് നാരായണന് ഒപ്പം വെല്‍രാജിന്റെ ക്യാമറയുടെ പങ്ക് വലുതാണ്.

ഇന്റര്‍വെലിന് മുന്നോടിയായുള്ള ആക്ഷന്‍ രംഗം(പന്തല്‍ ഫൈറ്റ്) ഒറ്റ കാഴ്ച കൊണ്ട് തന്നെ സിനിമയെ വേറെയൊരു തലത്തിലേക്ക് കൊണ്ട് പോകുകയാണ്. എത്ര കൈയടിച്ചാലും മതിയാവാതെ വരുന്ന ആ രംഗങ്ങളിലെ ലൈറ്റിങ് തുടങ്ങി അതി സൂക്ഷമമാണ് ഒരുക്കിയിട്ടുള്ളത്. കോടികള്‍ അടിച്ച് പൊളിച്ച് ഫൈറ്റ് സീനൊരുക്കുന്നവര്‍ക്ക് ഈ രംഗം ബൈബിള്‍ പോലെ ഉപയോഗിക്കാന്‍ തക്ക ക്രാഫ് ഉണ്ട്. ഇതിനൊപ്പം തന്നെ ചേര്‍ത്ത് വെക്കേണ്ട പേരാണ് എഡിറ്ററായ ജിബി വെങ്കടേഷ്. അഞ്ച് മണിക്കൂറിനടുത്തുള്ള സിനിമയായാണ് വടചെന്നൈ ഒരുക്കിയതെന്നും അതിനെ മൂന്ന് മണിക്കൂറിലേക്ക് ചുരുക്കുകയായിരുന്നവെന്നും വെട്രിമാരന്‍ പറഞ്ഞിരുന്നു. ഇത് കൂടി ചേര്‍ത്ത് വെക്കുമ്പോള്‍ വെങ്കിടേഷിന്റെ കട്‌സ് എത്ര മികച്ചതാണെന്ന് മനസിലാവും.

സിനിമയുടെ പരിചരണത്തില്‍ കാലഘട്ടത്തിന് വലിയ പ്രധാന്യമുണ്ട്. അതിനെ അടയാളപ്പെടുത്താനായി റിയല്‍ ലൈഫ് ഫൂടേജുകള്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ട് സിനിമ. രാജീവ് ഗാന്ധി, എംജിആര്‍ എന്നിവരുടെ മരണം, അത് അന്‍പിന്റെ ജീവിത്തിലുണ്ടാക്കുന്ന മാറ്റങ്ങളിലേക്ക് കോര്‍ത്തിണക്കി നടത്തുന്ന പരിചരണം- ഇങ്ങനെ സംവിധായകന്റെ കലയാണ് സിനിമയെന്ന വാദത്തിന് അടിവരയിട്ട് ഉറപ്പിക്കുകയാണ് വടചെന്നൈ.

എല്ലാ അര്‍ത്ഥത്തിലും ഗാങ്സ്റ്റര്‍ പകയുടെ സിനിമയായി വടചെന്നൈ നില്‍കുമ്പോഴും സസൂക്ഷമായ രാഷ്ട്രീയ നിലപാടുണ്ട് വടചെന്നൈയ്ക്ക്. ഭൂമി, ഇടം ഇത് ആരുടെതാണെന്ന ചോദ്യം ഉയര്‍ത്തി പിടിക്കുന്നുണ്ട് സിനിമ. പകയുടെ പ്രതിരോധത്തിന്റെ അക്രമത്തിന്റെ ധാരയായി സിനിമ നില്ക്കുമ്പോഴും ഭൂമി അവകാശത്തിനെ പിന്‍പറ്റിയാണ് സിനിമ ചലിക്കുന്നത്. ആരുടെ കഥയാണ് വടചെന്നൈ എന്ന ചോദ്യത്തിന് പല ഉത്തരങ്ങള്‍ പല സമയത്ത് ലഭിക്കുന്നത്. രാജന്റെ സിനിമയായി ഒരു ഘട്ടത്തില്‍ വടചെന്നൈ മാറുന്നുണ്ട്. അതില്‍ നിന്ന് അന്‍പിന്റെ അതിജീവനത്തിന്റെതും സെന്തിലിന്റെയും തമ്പിയുടെയും ആഗ്രഹങ്ങളുടെ പിന്നീട് ചന്ദ്രയുടെ പകയുടെയും കഥയായി രൂപാന്തരം പ്രാപിക്കുന്നുണ്ട് വടചെന്നൈ. അതില്‍ സംശയമില്ലാതെ നില്‍ക്കുന്നത് ഇടത്തിനായുള്ള അതിന്റെ അവകാശത്തിനായുള്ള പോരാട്ടമാണ് സിനിമയെന്നാണ്.

അവതരണത്തിലെ സത്യസന്ധതയും സിനിമയുടെ പൂര്‍ണ്ണതയ്ക്കായി നടത്തുന്ന വെട്രിമാരന്റെ പരിശ്രമത്തിന്റെയും പേരാണ് വടചെന്നൈ. 11 വര്‍ഷത്തിനിടയില്‍ നാലാമത്തെ സിനിമ മാത്രം ഒരുക്കിയ വെട്രിമാരനെ കുറിച്ച് ധനുഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്- ഞാന്‍ അയാളെ വിശ്വസിക്കുന്നുവെന്നാണ്. നിന്ന് പോയ ഒരു പ്രോജക്ടായിരുന്നു വെട്രിമാരന്റെ മാഗ്‌നം ഓപസായി അവതരിപ്പിച്ച സിനിമ. അവിടെ നിന്ന് 80 കോടി മുടക്കി വടചെന്നൈയുടെ ആദ്യ ഭാഗം തിയ്യേറ്ററിലെത്തുമ്പോള്‍ തമിഴ് പോപ്പുലര്‍ സിനിമയുടെ മികവില്‍ എഴുതിചേര്‍ക്കേണ്ട പേരായി സിനിമ മാറും. അത് കൊണ്ട് തന്നെ നല്ല സിനിമയുടെ പ്രേക്ഷകന് വെട്രിമാരനില്‍ വിശ്വസം അര്‍പ്പിച്ച് കാത്തിരിക്കാം, വടചെന്നൈയുടെ അടുത്ത കാഴ്ചയ്ക്കായി…

Exit mobile version