കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. എമ്പുരാൻ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കേന്ദ്രസർക്കാരിനും സെൻസർ ബോർഡിനും നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി എതിർകക്ഷികളായ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകരെ നടപടികളിൽ നിന്ന് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഈ സിനിമയുടെ പേരിൽ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. അങ്ങനെയെങ്കിൽ പ്രശസ്തിക്കുവേണ്ടിയുളള ഹർജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു.
Discussion about this post