തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം സംഭവിച്ചത്. എട്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്നായിരുന്നു മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ഇതിനോടകം ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്.