ഹൈദരാബാദ്: നടന് അല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിലാണ് നടന് ജാമ്യം അനുവദിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നമ്പള്ളി മജിസ്ട്രേറ്റ് കോടതി കേസില്‍ നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ മകന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് നടനെ ചിക്കട്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്ജുന്, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്മെന്റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്.
ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. പുഷ്പയുടെ പ്രിമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചത്.
Discussion about this post