തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെയും ഡെലിഗേറ്റ് കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് ചടങ്ങ്.
സിനിമാ താരങ്ങളായ മഹിമ നമ്പ്യാരും ഷറഫുദ്ദീനും ഡെലിഗേറ്റ് കിറ്റുകള്‍ മന്ത്രി സജി ചെറിയാനില്‍ നിന്നേറ്റു വാങ്ങും. മേയര്‍ ആര്യ രാജേന്ദ്രന് ഫെസ്റ്റിവല്‍ ഷെഡ്യൂള്‍ പ്രകാശനം ചെയ്യും. ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം ഐ എഫ് എഫ്കെയുടെ 29-ാമത് പതിപ്പ് പരിചയപ്പെടുത്തും.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, റിസപ്ഷന് ആന്‍ഡ് ഫംഗ്ഷന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം വിജയകുമാര്‍, ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ജി മോഹന്‍കുമാര്‍, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി തുടങ്ങിയവര്‍ സംബന്ധിക്കും.
ഡിസംബര്‍ 13 മുതല്‍ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയില്‍ 170ല്‍ പരം സിനിമകളും 450 ഓളം പ്രദര്‍ശനങ്ങളും സംവാദ-അഭിമുഖങ്ങളും ഉണ്ടായിരിക്കും. ഡെലിഗേറ്റ് കിറ്റ് ഇന്ന് വൈകുന്നേരം മുതല്‍ ലഭിച്ചു തുടങ്ങും. ആകെ 12 സിനിമകളാണ് മലയാള സിനിമ ടുഡേ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത ‘അപ്പുറം’ എന്നീ സിനിമകള്‍ രാജ്യാന്തര മത്സര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.
എ പാന്‍ ഇന്ത്യന്‍ സ്റ്റോറി (വി സി അഭിലാഷ്), മായുന്നു മാറി വരയുന്നു നിശ്വാസങ്ങളില്‍ (അഭിലാഷ് ബാബു), വെളിച്ചം തേടി (കെ റിനോഷുന്‍), കിഷ്കിന്ധാ കാണ്ഡം (ദിന്‍ജിത് അയ്യത്താന്‍), കിസ് വാഗണ്‍ (മിഥുന് മുരളി), പാത്ത് (ജിതിന് ഐസക് തോമസ്), സംഘര്‍ഷ ഘടന (ആര് കെ കൃഷാന്ത്), മുഖക്കണ്ണാടി (സന്തോഷ് ബാബുസേന്‍, സതീഷ് ബാബുസേനന്‍), വതൂസി സോംബി (സിറിള്‍ ഏബ്രഹാം ഡെന്നിസ്) എന്നിവയാണ് മലയാളം സിനിമ ടുഡേയില്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റുചിത്രങ്ങളും സംവിധായകരും.
Discussion about this post