തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയ നടന്‍ ബൈജുവിന്റെ ആഡംബര കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് വിവരം. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കേരളത്തില്‍ ഓടിക്കാനുള്ള എന്‍.ഒ.സി. ഹാജരാക്കിയില്ലെന്ന് മാത്രമല്ല റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഏഴ് തവണയാണ് പിഴ ചുമത്തിയത്.
നടന്‍ ബൈജുവിന്റെ ഔദ്യോഗിക പേര് ബി സന്തോഷ് കുമാര്‍ എന്നാണ്. അപകടത്തില്‍പ്പെട്ട ഓഡി കാര്‍ ബൈജു വാങ്ങുന്നത് ഹരിയാനയിലെ വിലാസത്തിലാണ്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഇവിടെ കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ ഓടിക്കുന്നതിന് ഹരിയാന മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍.ഒ.സി. ഹാജരാക്കണം. വാഹനം എത്തിച്ച് 30 ദിവസത്തിനുള്ളില്‍ എന്‍.ഒ.സി. ഹാജരാക്കണം എന്നാണ് വ്യവസ്ഥ.
ഈ എന്‍.ഒ.സി. ഇതുവരെ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, കേരളത്തില്‍ റോഡ് നികുതി അടക്കണം എന്നാണ് നിയമം. വാഹനത്തിന്റെ ആദ്യ ഉടമ 6,28,000 രൂപ 15 വര്‍ഷത്തെ നികുതിയായി അടച്ചിട്ടുണ്ട്. എങ്കില്‍ പോലും വാഹനത്തിന് ഇനി എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടോ അത്രയും വര്‍ഷത്തെ നികുതി ബൈജു കേരളത്തില്‍ അടച്ചേ പറ്റൂ. കാറിന്റെ വിലയുടെ 15 ശതമാനം പ്രതിവര്‍ഷം കണക്കാക്കി അടക്കണം. ഇത് വരെ ഒരു പൈസ പോലും ബൈജുനികുതി അടച്ചിട്ടില്ല.
Discussion about this post