തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളില്‍ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് നടന്‍ ജയസൂര്യ. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലായിരുന്നുവെന്നും നടന്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രമെന്നും വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും നടന്‍ പറയുന്നു.
നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളുമെന്നും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാമെന്നും മനഃസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂവെന്നും നടന്‍ പറയുന്നു.
പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണെന്നും നിരപരാധിത്വം തെളിയാന്‍ നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.