കൊച്ചി: നായക നടന്മാരുടെ ഭീമമായ ശമ്പളത്തുക ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. തൊഴിലിടങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫിലിം ചേംമ്പറിനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സാന്ദ്ര തോമസ് കത്ത് നല്‍കി.
ഒരിക്കലും സംഘടനകളെ എതിര്‍ക്കാനല്ല, മറിച്ച് സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ചും തിരുത്തല്‍ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കത്ത് നല്‍കുന്നതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി.
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടും സിനിമ സംഘടനകള്‍ ഒന്നുംതന്നെ വ്യക്തമായ അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അത് പൊതുസമൂഹത്തിന് കൂടുതല്‍ സംശയം നല്‍കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.
താന്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന മേഖല ഇത്രകണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടമാണ് എന്നറിയുന്നതില്‍ കടുത്ത അമര്‍ഷവും ദുഃഖവും തോന്നുന്നുവെന്നും അതിനാല്‍ തന്നെ കാതലായ മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാകണമെന്നും അതിന് ഒരു വനിതാ നിര്‍മാതാവെന്ന നിലയില്‍ എന്റെ അനുഭവത്തില്‍ നിന്നുകൂടി ഞാന്‍ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.
ഓരോ താരങ്ങളുടെയും മാര്‍ക്കറ്റ് വാല്യുവിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമാ വ്യവസായം ശമ്പളം നിജപ്പെടുത്തുന്നതെങ്കിലും നായക നടന്മാരുടെ ഭീമമായ ശമ്പളത്തുക ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും എന്നാല്‍ മാത്രമേ നായക നടന്മാര്‍ക്ക് തുല്യമല്ലെങ്കിലും മറ്റ് നടീനടന്മാര്‍ക്ക് മാന്യമായ ശമ്പളം നല്‍കാന്‍ നിര്‍മാതാവിന് സാധിക്കുകയൂള്ളൂവെന്നും സാന്ദ്ര തോമസ് പറഞ്ഞു.