കൊച്ചി: സിനിമ മേഖലയിലെ നടിമാരുടെ ലൈംഗിക പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികള്‍ കൂട്ടത്തോടെ കോടതിയിലേക്ക്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയില്‍ പ്രതിയായ രഞ്ജിത്തും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുന്‍കൂര്‍ ജാമ്യം തേടാനാണ് പ്രതികളുടെ തീരുമാനം.
കേസില്‍ തുടര്‍നടപടിയെന്താകണമെന്നതില്‍ പ്രതികള്‍ നിയമോപദേശം തേടിയിട്ടുണ്ട്. മുകേഷ് കൊച്ചിയിലെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. കേസ് റദ്ദാക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതും മുകേഷ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷകര്‍ അറിയിച്ച സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കുന്നത്. അതേസമയം, ആരോപണം നേരിടുന്നവരും നിയമ സഹായം തേടി.