കോഴിക്കോട്: മലയാള സിനിമാസംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് തന്നെ ഹോട്ടലില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ യുവാവ് പറയുന്നു.
2012 ല്‍ ബംഗളൂരുവില്‍ വെച്ചായിരുന്നു സംഭവം. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നതെന്നും അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും യുവാവ് പറയുന്നു.
ആ നമ്പറില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. അതനുസരിച്ച് മെസ്സേജ് അയച്ചപ്പോള്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വരാന്‍ നിര്‍ദേശിച്ചുവെന്നും മുറിയിലെത്തിയപ്പോള്‍ രഞ്ജിത്ത് മദ്യപിച്ചിരുന്നുവെന്നും തനിക്കും മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് വിവസ്ത്രനാക്കി, പീഡിപ്പിച്ചു. അതേ ഹോട്ടലില്‍ താമസിച്ചിരുന്ന തന്റെ ‘നടി’യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞ് രഞ്ജിത്ത് നഗ്നചിത്രങ്ങള്‍ എടുത്തുവെന്നും യുവാവ് പറയുന്നു.