‘ ആരോപണവിധേയര്‍ വെളിപ്പെടുത്തല്‍ നിഷേധിക്കാത്തത് താന്‍ പറയുന്നത് സത്യമായത് കൊണ്ട്’ ; നിയമ നടപടിയുമായി മുന്നോട്ട് പോകും മിനു മുനീര്‍

ആരോപണവിധേയര്‍ വെളിപ്പെടുത്തല്‍ നിഷേധിക്കാത്തത് താന്‍ പറയുന്നത് സത്യമായത് കൊണ്ടാണെന്നും മിനു പറഞ്ഞു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേര്‍ക്കെതിരെയാണ് ലൈംഗിക ആരോപണം ഉയരുന്നത്. ഇപ്പോഴിതാ, തന്നോട് അതിക്രമം കാണിച്ച എല്ലാവര്‍ക്കുമെതിരെ നിയമപരമായി നീങ്ങുമെന്ന് പറയുകയാണ് നടി മിനു മുനീര്‍. അന്വേഷണ സംഘം ഫോണില്‍ സംസാരിച്ചിരുന്നു. വിശദമായ മൊഴിയെടുക്കാന്‍ അവര്‍ സമയം തേടിയിട്ടുണ്ട്. ആരോപണവിധേയര്‍ വെളിപ്പെടുത്തല്‍ നിഷേധിക്കാത്തത് താന്‍ പറയുന്നത് സത്യമായത് കൊണ്ടാണെന്നും മിനു പറഞ്ഞു.

പരാതി ഇതിനകം എഴുതിയിട്ടുണ്ടെന്ന് മിനു പറഞ്ഞു. ഹേമ കമ്മീഷന്‍ മൊഴിയെടുക്കുന്ന സമയത്ത് താന്‍ ഇവിടെയില്ലായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാന്‍ ആത്മവിശ്വാസം നല്‍കി. ഏതെങ്കിലും സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെങ്കില്‍ ധൈര്യമായി മുന്നോട്ടുവന്ന് പരാതി പറയാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നിയെന്നും മിനു പറഞ്ഞു.

വെളിപ്പെടുത്തലിന് ശേഷം എന്തെങ്കിലും സമ്മര്‍ദമുണ്ടായോ എന്ന ചോദ്യത്തിന് മിനുവിന്റെ മറുപടിയിങ്ങനെ- ‘ഇന്നലത്തെ വെളിപ്പെടുത്തലിന് ശേഷം കുറേ മിസ് കോളുകള്‍ വന്നു. അറിയാത്ത നമ്പറുകളാണ്. ഇതുവരെ കോളെടുത്തിട്ടില്ല. സമ്മര്‍ദ്ദമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. എനിക്ക് നേരെ ആക്രമണമുണ്ടായത് എല്ലാവരും അറിയാന്‍ തന്നെയാണ് ഫേസ് ബുക്കിലിട്ടത്. കേസ് എന്തായെന്ന് ഇനി നിങ്ങള്‍ മാധ്യമങ്ങള്‍ തന്നെ ചോദിക്കും. എനിക്ക് നീതി കിട്ടണം. അവസാനം സത്യമേ ജയിക്കൂ. എത്രനാള്‍ സത്യം മൂടിവെയ്ക്കാന്‍ കഴിയും?മുകേഷായാലും ജയസൂര്യയായാലും താന്‍ ചെയ്തില്ല എന്ന് അവര്‍ക്ക് എന്റെ മുന്നില്‍ വന്ന് പറയാന്‍ കഴിയില്ല. പറഞ്ഞത് സത്യമായതുകൊണ്ടാണ് ഞാന്‍ ആര്‍ജ്ജവത്തോടെ നില്‍ക്കുന്നത്. ജനങ്ങളെന്ത് പറയുന്നുവെന്ന് കാര്യമാക്കുന്നില്ല. കോടതിയിലാണ് നീതി കിട്ടേണ്ടതെന്നും മിനു വ്യക്തമാക്കി.

Exit mobile version