കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു.
ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള പ്രശ്‌നത്തിനാണ് പരിഹാരമുണ്ടായത്. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ കണ്‍മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.
മഞ്ഞുമ്മല്‍ ബോയ്‌സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം.