റീ-റിലീസായി വീണ്ടും തിയറ്ററുകളിലെത്തിയ ദേവദൂതൻ സിനിമ ഏറ്റെടുത്ത സിനിമാപ്രേമികളോട് നന്ദി പറഞ്ഞ് സംവിധായകൻ സിബി മലയിൽ. 24 വർഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു എന്നത് സന്തോഷം നൽകുന്നു. വീണ്ടും ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഇങ്ങനെ ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാൽ സിനിമയുടെ ഓൺലൈൻ ബുക്കിങ് കണ്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് സിബി മലയിൽ പറഞ്ഞത്..
ഈ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചത് പുതിയ തലമുറയാണ്. പലപ്പോഴും അവരുടെ കാഴ്ച്ചപ്പാടിനെ തെറ്റായി എടുക്കാറുണ്ട്പക്ഷേ നല്ല രീതിയിൽ സിനിമയെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് അവരാണ് എന്നും സംവിധായകൻ വ്യക്തമാക്കി.
സിനിമായ്ക്കായി മികച്ച സംഗീതമൊരുക്കിയ വിദ്യാസാഗറിനെ കുറിച്ചും സിബി മലയിൽ വാചാലനാകുന്നുണ്ട്. ”എന്തരോ മഹാനു ഭാവുലു” കീർത്തനം മതിയെന്ന് തീരുമാനിച്ചത് അദ്ദേഹമാണ്. ആ ഒരു പാട്ടിന് വേണ്ടി മാത്രം ഒരു മാസം സമയമെടുത്തെന്നും സിബി മലയിൽ പറഞ്ഞു.
സിനിമയുടെ എല്ലാ ടെക്‌നീഷ്യൻമാരും പ്രവർത്തകരും ഈ സിനിമയുടെ ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. അന്നത്തെ കാലത്ത് സിനിമയിൽ എല്ലാ കോംബോയും ഒത്തുവന്നെങ്കിലും റിസൾട്ട് നിരാശപ്പെടുത്തുന്നതായിരുന്നു. പക്ഷെ 24 വർഷത്തിന് ശേഷം വീണ്ടും സിനിമ വന്നു. എന്റെ അറിവിൽ ലോക സിനിമയിൽ പോലും ഉണ്ടാകാത്ത ഒന്നാണ് ഇത്, 24 വർഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആ?ഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു.
ഞങ്ങളാരും ഇങ്ങനൊരു വിജയം പ്രതീക്ഷിച്ചതല്ല. കുറച്ചുപേർ വരും കാണും പോകുമെന്നാണ് കരുതിയത്.എന്നാൽ സിനിമയുടെ ബുക്കിങ്ങ് ആരംഭിച്ചപ്പോൾ മുതൽ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ് ആളുകൾ ഇത് ഏറ്റെടുത്തിരിക്കുന്നതെന്നും സിബി മലയിൽ പ്രതികരിച്ചു.