മനോരഥം ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിക്ക് സംഗീതജ്ഞൻ രമേശ് നാരായണനിൽ നിന്നുണ്ടായ അപമാനം ചർച്ചയായിരിക്കെ വിഷയത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ.
വിവാദത്തിന് ശേഷം രമേഷ് നാരായൺ മാപ്പ് മാപ്പ് പറഞ്ഞുവെങ്കിലും അതിൽ തനിക്ക് ആത്മാർഥത തോന്നുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്തുകൊണ്ടാണത് ചെയ്തത് എന്ന് എനിക്കറിയില്ല. രമേഷ് നാരായണൻ മുതിർന്ന സംഗീത സംവിധായകൻ. ആസിഫ് ഇപ്പോൾ സീനിയർ നടനാണ്. സംഘാടനത്തിൽ തന്നെ എനിക്ക് പാളിച്ച തോന്നി.’
‘വേദിയിൽ വച്ച് പുരസ്‌കാരം നൽകാത്തതിൽ രമേഷ് നാരായണൻ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ല എന്നാണ് പറയുന്നത്. അങ്ങനെ ആണെങ്കിൽ കൂടി നമ്മൾ അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ അവസ്ഥയിലൂടെ കൊണ്ടുപോകാൻ പാടുണ്ടോ. വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ അത് മാധ്യമങ്ങളോടോ മറ്റു വ്യക്തികളോടോ പ്രകടിപ്പിക്കരുത്. അതൊന്നും പൊതുവേദിയിൽ ചെയ്തുകൂടാ.’
‘രമേഷ് നാരായണൻ തോളിൽ തട്ടി എന്നാണ് പറയുന്നത്. അത് കള്ളമല്ലേ. വിവാദമായ ശേഷം മാപ്പ് പറഞ്ഞു. ഇപ്പോൾ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. മാപ്പ് പറഞ്ഞാലും അത് അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് വന്നതാണെന്ന് എനിക്ക് തോന്നിയില്ല. ആസിഫ് ചെറിയ ചിരിയിലൂടെ വിഷമം ഒതുക്കി.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.