തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന് തന്നെ അഭിമാനമായി മാറിയ സുധ കൊങ്കര-സൂര്യ ചിത്രം സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്ത് വലിയ പരാജയം ഏറ്റുവാങ്ങി അക്ഷയ് കുമാർ. ഒടിടിയിലെത്തിയ സൂര്യയുടെ സൂരറൈ പോട്ര് ദേശീയ പുരസ്‌കാര വേദിയിലടക്കം തിളങ്ങിയ ചിത്രമായിരുന്നു. എന്നാൽ അക്ഷയ് കുമാറിന്റെ ‘സർഫിറ’ റിലീസ് ദിനത്തിൽ 2 കോടി മാത്രം കളക്ട് ചെയ്ത് വമ്പൻ പരാജയത്തിലേക്ക് നീങ്ങുകയാണ്.
യഥാർഥ ജീവിതകഥയെ ആസ്പദമാക്കി തയ്യാറാക്കിയ ഈ ചിത്രം തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കൈയ്യൊഴിഞ്ഞത് വലിയ ചർച്ചയായിരിക്കുകയാണ്. എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസ് സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതമാണ് ഈ സിനിമയിലൂടെ പറയുന്നത്.
അക്ഷയ് കുമാറിന് സമീപകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ ദുരന്തമായിരുന്നു. ഇതിന്റെ പാത തന്നെയാണ് സർഫിറയും പിന്തുടർന്നിരിക്കുന്നത്. ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെൽഫി, ബഡേ മിയാൻ ഛോട്ടേ മിയാൻ തുടങ്ങിയ ചിത്രങ്ങളാണ് അക്ഷയിന്റേതായി ഈയടുത്ത് റിലീസായി പരാജയപ്പെട്ടത്.
ALSO READ- മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു.
പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് സർഫിറയിലെ മറ്റുതാരങ്ങൾ. സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.