മലയാള സിനിമയിൽ പുതിയപ്രതിസന്ധിയായി ഉയർന്ന പ്രതിഫലം. താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പടെ വൻപ്രതിഫലം ആവശ്യപ്പെടാൻ തുടങ്ങിയതോടെ സിനിമ നിർമാണത്തിൽ നിന്ന് പിൻതിരിയേണ്ട അനസ്ഥയിലാണെന്ന് നിർമാതാക്കളുടെ പരാതി. സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതിന് പിന്നാലെ സാങ്കേതിക വിദഗ്ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്.
അതിനാൽ സിനിമാ നിർമാണം പ്രതിസന്ധിയിലാണെന്നും പ്രതിഫലം കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
സിനിമാപ്രവർത്തകർ താങ്ങാനാകാത്ത പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിർമ്മാതാക്കൾ സിനിമകൾ പോലും ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. നാല് കോടിക്ക് മുകളിലാണ് പ്രമുഖ താരങ്ങളുടെ പ്രതിഫലം. ഇതിനിടെ ഒരു സിനിമയ്ക്ക് മലയാളത്തിലെ യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടിയാണ്.
മലയാളത്തിലെ ഒരു കൗമാര താരം പോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണെന്നും ഛായാഗ്രാഹകരിൽ ചിലർ ദിവസവേതനത്തിനാണ് വരാൻ തയാറാകുന്നതെന്നും നിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. പതിനായിരങ്ങൾ തൊട്ട് ലക്ഷങ്ങൾ വരെ ദിവസം ചോദിക്കുന്ന അണിയറ പ്രവർത്തകരുണ്ട്. സഹായികളുടെ പ്രതിഫലത്തിന് പുറമെയാണിത്.
ശ്രദ്ധേയരായ സംഗീത സംവിധായകർ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകർപ്പവകാശമാണ് വാങ്ങുന്നത്. തുടർന്ന് ഇവർ വമ്പൻ തുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാൽ ഇതുവഴി നിർമാതാക്കൾക്ക് ലാഭമൊന്നും ലഭിക്കുന്നുമില്ല.
വലിയ തുകയ്ക്ക് സിനിമ വാങ്ങുന്നത് ഒടിടി പ്ലാറ്റ്ഫോമുകൾ നിർത്തിയതോടെ തിയേറ്ററിൽ നിന്നുമാത്രം ലഭിക്കുന്ന തുക ലാഭമുണ്ടാക്കുന്ന കാര്യത്തിലും സംശയമാണ്. അതുകൊണ്ട് തന്നെ തിയേറ്ററിൽ നിന്ന ലഭിക്കുന്ന വരുമാനം മാത്രം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് നിർമാതാക്കൾ. ‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ നിർമ്മാതാക്കളുടെ പ്രശ്‌നം ചർച്ചയാകുമെന്നാണ് പ്രതീക്ഷ.