കൊച്ചി: അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് നിര്‍ത്തിവെച്ചത്.
രണ്ടുദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നത്. താലൂക്കാശുപത്രി ക്വാഷ്വാലിറ്റിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ആദ്യദിവസം രാത്രിയിലെ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രി ക്വാഷ്വാലിറ്റിയില്‍ ചിത്രീകരണം
നടത്തിയതിനെതിരെയായിരുന്നു നടപടി. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചത്.