ബോളിവുഡിലെ സമീപകാലത്തെ ഏറ്റവും വലിയ പരാജയചിത്രമായ ബഡേ മിയാൻ ഛോട്ടേ മിയാൻ നിർമാതാവിന് വരുത്തിവെച്ചത് വലിയ ബാധ്യതയെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന് 300 കോടിയോളം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 350 കോടിക്ക് മുകളിൽ ചിലവിൽ നിർമ്മിച്ച, അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, പൃഥ്വിരാജ് എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം വലിയ ബോക്‌സ് ഓഫീസ് ദുരന്തമായിരുന്നു. അലി അബ്ബാസ് സഫർ ആണ് സംവിധാനം.
ബഡേ മിയാൻ ഛോട്ടേ മിയാൻ നിർമിച്ചത് ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്ൻമെന്റ് ആയിരുന്നു. ചിത്രം വലിയ പരാജയമായതോടെ നിർമാതാവ് കടം വീട്ടാൻ തന്റെ ഓഫീസ് വിറ്റെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് ആകെ ബജറ്റായത് 350 കോടി രൂപയാണ്. എന്നാൽ, ബോസ്‌ക്ഓഫീസ് കളക്ഷൻ 59.17 കോടി രൂപയിൽ ഒതുങ്ങി. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം പോലും തിരിച്ചുപിടിക്കാനായില്ല.
നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്‌റോഫിന്റെയും പ്രതിഫലം മാത്രം 140 കോടിക്കു മുകളിലാണ്. അക്ഷയ് കുമാർ 100 കോടി വാങ്ങിയാണ് ചിത്രം ചെയ്തത്. നിർമാതാവിന് ഈ ചിത്രം കാരണം 250 കോടി രൂപയുടെ കടം നിലവിലുണ്ടെന്നും ഇതുവീട്ടാനായി വഷു ഭഗ്‌നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോർട്ടുകൾ.
കൂടാതെ, സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. പ്രൊഡക്ഷൻ ഹൗസിൽ നിന്നും ഏകദേശം 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് വിവരം. ഇതിനിടെ ഇതുവരേയും ചെയ്ത ജോലിയുടെ ശമ്പളം നൽകിയില്ലെന്ന് ആരോപിച്ച് ജീവനക്കാരിൽ പലരും രംഗത്തെത്തിയിട്ടുമുണ്ട്.
Discussion about this post