മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. മുൻപ് കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. അന്ന് ട്രഷറർ സ്ഥാനത്ത് നടൻ സിദ്ദീഖായിരുന്നു.
‘അമ്മ’യുടെ പ്രസിഡന്റ് പദവിയിൽ മോഹൻലാൽ തുടരും. മൂന്നാം തവണയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എതിരില്ലാതെയാണ് മോഹൻലാലും വിജയിച്ചത്. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ നാമനിർദേശപത്രിക നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. എതിരില്ലാതെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന മറ്റുതാരങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം.
അതേസമയം, ജനറൽ സെക്രട്ടറി, ജോയിൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ജഗദീഷ്, ജയൻ ആർ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മൽസരിക്കുന്നുണ്ട്. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുക.
പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരാണ് നാമനിർദേശപത്രിക നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരിക്കാനില്ല.
Discussion about this post