ബോളിവുഡ് നടിയും മണ്ഡിയിൽ നിന്നുള്ള നിയുക്ത എംപിയുമായ കങ്കണ റാണാവത്തിന്റെ മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിളിന് പിന്തുണയുമായി സംഗീതജ്ഞൻ. സസ്‌പെൻഷനിലായ കുൽവിന്ദർ കൗറിന് താന് ജോലി നൽകുമെന്നാണ് ബോളിവുഡ് സിനിമാസംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി അറിയിച്ചിരുക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് വിശാൽ ഇക്കാര്യം അറിയിച്ചത്. കുൽവിന്ദറിന് ജോലി നഷ്ടപ്പെടുകയാണെങ്കിൽ താൻ ജോലി നൽകുമെന്നും, അവർക്ക് സമ്മതമാണെങ്കിൽ ജോലി സ്വീകരിക്കാമെന്നും വിശാൽ കുറിച്ചിരിക്കുകയാണ്.
‘ഞാൻ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്റെ കാരണം മനസ്സിലാക്കുന്നു. അവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കിൽ, ഒരു ജോലി നൽകുമെന്ന് ഞാൻ ഉറപ്പാക്കുന്നു.’ ജയ്ഹിന്ദ്, ജയ് ജവാൻ, ജയ് കിസാൻ തുടങ്ങി ഹാഷ് ടാഗ് പങ്കിട്ടാണ് വിശാലിന്റെ കുറിപ്പ്.
കഴിഞ്ഞദിവസം മണ്ഡിയിൽനിന്ന് ഡൽഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു കങ്കണയെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കുൽവിന്ദർ കൗർ മുഖത്തടിച്ചത്. തുടർന്നുണ്ടായ തർക്കത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കങ്കണയെ തല്ലിയതിന് സസ്പെൻഷനിലായ കുൽവിന്ദർ കൗറിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. മനഃപൂർവ്വം മുറിവേൽപ്പിക്കൽ, തടഞ്ഞുനിർത്തൽ തുടങ്ങിയ മുൻകൂർ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, തന്നെ ആക്രമിച്ച സംഭവം വലിയ ചർച്ചയായിട്ടും ബോളിവുഡിലെ സഹപ്രവർത്തകർ പ്രതികരിക്കാത്തതിനെ രൂക്ഷമായി കങ്കണ വിമർശിച്ചിരുന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആക്രമിച്ച സംഭവത്തിൽ എന്തുകൊണ്ടാണ് സിനിമാപ്രവർത്തകർ പ്രതികരിക്കാതിരിക്കുന്നതെന്ന് കങ്കണ ചോദിച്ചു.