കൊച്ചി: സാമ്പത്തികമായ വഞ്ചനക്കേസിൽ ആരോപണത്തിൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കൾക്കായി വാദിച്ചിരുന്ന അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു. ഇതേതുടർന്ന് നിർമാതാക്കളുടെ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സിഎസ് ഡയസ് മുന്നറിയിപ്പുനൽകി.
ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് സൂചന. ഹർജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത്. വഞ്ചനക്കേസിൽ പ്രതികളായ നിർമാതാക്കളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് 12 വരെ നീട്ടിയിട്ടുണ്ട്.
നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സിനിമയ്ക്കായി ഏഴു കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് കേസ്. മരട് പോലീസാണ് കേസെടുത്തത്. നിർമാതാക്കൾ നടത്തിയത് ഗുരുതര സാമ്പത്തികതട്ടിപ്പാണെന്ന് മരട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.