കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ, ബോളിവുഡ് നടി രവീണ ടണ്ഠൻ സഞ്ചരിച്ച കാർ മൂന്നുപേരെ ഇടിച്ചിട്ടെന്ന പരാതി വ്യാജമെന്ന് മുംബൈ പോലീസ്. രവീണാ ടണ്ഠന് എതിരായി മുംബൈ ഖാർ പോലീസിൽ ലഭിച്ച പരാതി വ്യാജമാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ഡിസിപി പ്രതികരിച്ചു.
നടി അമിതവേഗതയിൽ മദ്യപിച്ച് വാഹനമോടിച്ചെന്നും സാധാരണക്കാരെ ഇടിച്ചിടുകയും ഇതുചോദ്യം ചെയ്തതിന് ഇവരെ കൈയ്യേറ്റം ചെയ്തെന്നുമായിരുന്നു പോലീസിന് ലഭിച്ച പരാതി.
സംഭവത്തിന് പിന്നാലെ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ മടിച്ച നടി വൈറൽ ഭയാനിയുടെ ഒരു പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രവീണയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അവർ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെന്നുമാണ് പോലീസ് പറയുന്നത്.
പരാതിക്കാരൻ വ്യാജ പരാതിയാണ് നൽകിയതെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. നടിയുടെ ഡ്രൈവർ കാർ റിവേർസ് എടുമ്പോൾ പരാതിക്കാരുടെ കുടുംബം അത് വഴി കടന്നുപോകുകയായിരുന്നു. ഇവർ കാർ നിർത്തിക്കുകയും പുറകിലൂടെ ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടേയെന്ന് ചോദ്യം ചെയ്യുകയുമായിരുന്നു.
തുടർന്ന് തർക്കം ആരംഭിച്ചു എന്നാണ് ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ തർക്കം രൂക്ഷമായതോട പുറത്തിറങ്ങിയ ഡ്രൈവറെ സംരക്ഷിക്കാൻ രവീണ ടണ്ഠനും ആൾക്കൂട്ടത്തിനിടയിലേക്ക് വന്നു. എന്നാൽ ആൾക്കൂട്ടം അവരെ അധിക്ഷേപിക്കാൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് ഇരുകൂട്ടരും പരാതി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
രവീണ മദ്യലഹരിയിൽ ആയിരുന്നില്ലെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാർ ആരെയും തട്ടിയിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.