കൊച്ചി: 200 കോടിയിലേറെ കളക്ഷൻ നേടി മലയാള സിനിമാചരിത്രത്തലെ ഏറ്റവും വലിയ സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പോലീസ് അന്വേഷണ റിപ്പോർട്ട്. ഗുരുതര സാമ്പത്തിക തട്ടിപ്പാണ് നിർമ്മാതാക്കൾ നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്ന ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിലിന്റെ പരാതി അന്വേഷിച്ച പോലീസാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
എറണാകുളം മരട് പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് പിന്നീട് ബാങ്ക് രേഖകൾ പോലീസ് ശേഖരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ഇതിൽനിന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത് വ്യക്തമായത്. പരാതിക്കാരന് പണം തിരികെ നൽകാതെ പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ചിത്രത്തിനായി 7 കോടി രൂപയാണ് സിറാജ് നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ധരിപ്പിച്ചിരുന്നത്. എന്നാൽ 18.65 കോടി മാത്രമായിരുന്നു നിർമാണച്ചെലവ്. കൂടാതെ സിനിമയുടെ ഷൂട്ടിങ് സംബന്ധിച്ചും ഇവർ സിറാജിനെ പറഞ്ഞ് പറ്റിച്ചിരുന്നു. ഈ സിനിമയ്ക്കായി ഒരു രൂപ പോലും മുടക്കാതെയാണ് പറവ ഫിലിംസ് നിർമാതാക്കളായത്.
സിറാജിന് വാഗ്ദാനം ചെയ്തിരുന്നത് 40 % ലാഭവിഹിതമാണ്. എന്നാൽ സിനിമ വലിയ വിജയമായിട്ടും ഒരു രൂപ പോലും സിറാജിന് തിരികെ നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽനിന്ന് വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ആകെ 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.
Discussion about this post