മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം തിയറ്റർ കളക്ഷൻ നേടിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിന് എതിരെ പകർപ്പവകാശ ലംഘനത്തിന് നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. ‘ഗുണ’ എന്ന ചിത്രത്തിലെ ‘കൺമണി അൻപോട്’ എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൽ ഉപയോഗിച്ചത് സംഗീതസംവിധായകനായ തന്റെ അനുമതി തേടാതെയാണെന്നാണ് ഇളയരാജയുടെ പരാതി.
ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് അയച്ച നോട്ടീസിൽ പരാമർശിക്കുന്നു.
15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
അതേസമയം, ഈ ചിത്രത്തിന് നേരെ ഉയരുന്ന രണ്ടാമത്തെ നിയമനടപടിയാണിത്.
40 ശതമാനം ലാഭവിഹിതം വാഗ്ദാനംചെയ്ത് ഏഴുകോടി കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുടക്കിയ പണമോ നൽകാതെ കബളിപ്പിച്ചെന്നാരോപിച്ച് ആലപ്പുഴ അരൂർ സ്വദേശി സിറാജ് രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് സിറാജ് കേസ് നൽകിയത്. തുടർന്ന് പറവ ഫിലിംസിന്റെ 40 കോടി നിക്ഷേപമുള്ള അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എറണാകുളം സബ് കോടതിയുടെ ഉത്തരവ് പ്രകാരം മരട് പോലീസാണ് കേസെടുത്തിരുന്നത്. ഇതിലെ തുടർനടപടികൾ ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
Discussion about this post