ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിൽ കൈയ്യിലൊരു കെട്ടുമായാണ് ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചൻ പ്രത്യക്ഷപ്പെട്ടത്. പരിക്കേറ്റ് കൈയിലേക്കായിരുന്നു ശ്രദ്ധ മുഴുവൻ തിരിഞ്ഞത്. ഇന്ത്യയിൽ നിന്നും തിരിക്കുമ്പോഴേ ഐശ്വര്യയ്ക്ക് പരിക്കേറ്റിരുന്നു. മകൾ ആരാധ്യയായിരുന്നു ഐശ്വര്യയുടെ ബാഗ് അടക്കം കൈകാര്യം ചെയ്തിരുന്നത്.
ഇപ്പോഴിതാ താരത്തിന്റെ കൈയിലെ പരിക്ക് നിസാരമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐശ്വര്യ ഉടൻ ശസ്ത്രക്രിയക്ക് വിധേയയാവുമെന്നാണ് വിവരം. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഐശ്വര്യ റായിയുടെ കൈക്ക് പരിക്കേറ്റത്. പരിക്കുമായി പ്രൊഫഷണൽ പ്രതിബദ്ധതയെ തുടർന്നാണ് നടി കാൻ ചലച്ചിത്ര മേളക്കെത്തിയത്. തന്റെ ഡോക്ടർമാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഫ്രാൻസിലേക്ക് പോയതെന്നും വിവരമുണ്ടായിരുന്നു.
കൈക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും അടുത്ത ആഴ്ച അവസാനത്തോടെ സർജറി ഉണ്ടാകുമെന്നുമാണ് ഇപ്പോൾ പുറത്തെത്തിയ വിവരം. കാൻ ചലച്ചിത്രമേളക്ക് ശേഷം ഐശ്വര്യ മുംബൈയിൽ തിരികെയെത്തിയിട്ടുണ്ട്. എല്ലാവർഷവും കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ എത്താറുണ്ട്.
മുൻപ് കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായിരുന്നു നടി. സിനിമയിൽ അത്ര സജീവമല്ലാത്ത ഐശ്വര്യ. ഈയടുത്ത് പുറത്തിറങ്ങിയ മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിലാണ് പ്രധാന വേഷം അവതരിപ്പിച്ചത്.
Discussion about this post