ദേശീയ പുരസ്‌കാര വേദിയിൽ വെച്ച് അപമാനിക്കപ്പെട്ടെന്ന് സംസാരിച്ച തുടങ്ങുന്ന ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ വീഡിയോയും അതിന് മറുപടി നൽകിയ സുരഭി ലക്ഷ്മിയുടെ കമന്റും വൈറലാകുന്നു. തന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരനേട്ടത്തിനിടെ പരിചയപ്പെട്ട മലയാള നടി കാരണം താൻ ചെറുതായി പോയെന്ന് തമാശയായി അക്ഷയ് പറയുന്ന വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഈ വീഡിയോ വൈറലായതോടെ ആ ണലയാള നടി ആരാണെന്നായിരുന്നു എല്ലാവരുടേയും സംശയം. ഒടുവിൽ സസ്‌പെൻസ് പൊളിച്ച് നടി സുരഭി ലക്ഷ്മി തന്നെ രംഗത്തെത്തുകയായിരുന്നു. അക്ഷയ് കുമാർ സംസാരിക്കുന്നത് തന്നെ കുറിച്ചാണെന്നും അദ്ദേഹം തന്നെ ഇപ്പോഴും ഓർത്തിരിക്കുന്നതിൽ അഭിമാനമുണ്ടെന്നുമാണ് സുരഭി പ്രതികരിച്ചത്.
പ്ലേയർ ടോക്‌സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാർ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ ചെറിയൊരു ഭാഗമാണ് വീഡിയോയിലുള്ളത്.
”ദേശീയ പുരസ്‌കാര വേദിയിൽ ഞാൻ അപമാനിക്കപ്പെട്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ ്ങ്ങനെ ഒന്നുണ്ടായി. ഞാൻ പുരസ്‌കാരം വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് ആ സമയത്ത് ക്ഷണിക്കപ്പെട്ട ഒരു പെൺകുട്ടിയാണ് ഇരുന്നിരുന്നത്. ആ പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു,”
”സർ… താങ്കൾ എത്ര സിനിമ ചെയ്തിട്ടുണ്ട്?” ഒരു 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ടെന്ന് മറുപടി പറഞ്ഞു. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ”കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?” ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി. സർ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവർ പറഞ്ഞത്.”
”ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?”. അക്ഷയ്കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
2017-ലായിരുന്നു അക്ഷയ് കുമാറിനും സുരഭി ലക്ഷ്മിക്കും ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. റുസ്തം എന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിനെ മികച്ച നടനാക്കിയത്. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് സുരഭിക്ക് പുരസ്‌കാരം ലഭിച്ചത്.