ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. ഇല്ലിക്കല്‍ തോമസിന്റെയും, ഷീല തോമസിന്റെയും ഇളയ മകനായി ഇരിഞ്ഞാലക്കുടയിലാണ് ടൊവീനോ ജനിച്ചത്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ്, പരസ്യ ചിത്രം എന്നീ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം.
എന്നാല്‍ സിനിമയില്‍ എത്തിയ സമയത്തും തുടര്‍ന്നും പലരും തന്നെ അപമാനിച്ചിട്ടുണ്ടെന്ന് യുവനടന്‍ ടൊവീനോ തോമസ് വെളിപ്പെടുത്തുന്നു. മലയാള സിനിമക്ക് പറ്റിയ മുഖമല്ല എന്നുപോലും പറഞ്ഞവരുണ്ടെന്നും പറയുന്നു.
‘സിനിമ എന്നതുതന്നെ ഒരു പോരാട്ടമാണ്. ആദ്യമായി ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാളസിനിമക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കില്‍ പണം വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. വീട്ടില്‍ വലിയ താത്പര്യമുണ്ടായിട്ടല്ല സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്, കയ്യില്‍ പണമില്ല എന്നുപറഞ്ഞപ്പോള്‍ എത്ര തരാന്‍ പറ്റും എന്ന് ചോദിച്ചവരുണ്ട്.’
‘ഒടുവില്‍ സിനിമയില്‍ മുഖം കാണിക്കാന്‍ പറ്റി. മുഖം കാണിച്ചശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോള്‍, ‘അപ്പുറത്ത് ചോറുണ്ടാകും, വേണമെങ്കില്‍ പോയി കഴിക്കെടാ’ എന്ന് പറഞ്ഞവരുണ്ട്. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാന്‍ വെറ്റ് ടിഷ്യു ചോദിച്ചപ്പോള്‍ ‘പൈപ്പുവെള്ളത്തില്‍ കഴുകിക്കളയെടാ’ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്.
എല്ലാക്കാലത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്. വേറൊരു തരത്തില്‍ അതൊക്കെ ഊര്‍ജമായിട്ടുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന് ചീത്ത വിളിച്ചവരുണ്ട്. ഇതെല്ലാം ഞാന്‍ ഓര്‍ത്തുവെക്കാറുണ്ട്. ആര്‍ക്കുമുള്ള മുന്നറിയിപ്പല്ല ഇത്. എന്നെ അപമാനിച്ചവരോട് മാന്യമായായാണ് ഇപ്പോള്‍ പെരുമാറുന്നത്. അവരെക്കാള്‍ നല്ല നിലയിലാണ് ഞാനിപ്പോള്‍ ഉള്ളത്. അതുകൊണ്ട് അവരോട് മോശമായി പെരുമാറി പ്രതികാരം ചെയ്യണം എന്നൊന്നുമില്ല. മാന്യമായി പെരുമാറുന്നതിലുമുണ്ടല്ലോ ഒരു മധുരപ്രതികാരം-ടൊവിനോ പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വെയിലാണ് ടൊവീനോ തനിക്ക് സിനിമയില്‍ ഉണ്ടായ അനുഭവം പങ്കുവെച്ചത്.
Discussion about this post