പൃഥ്വിരാജ് നായകനായി ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആടുജീവിത സിനിമയെ വാഴ്ത്തി എഴുത്തുകാരൻ ബി ജയമോഹനൻ. ‘ആടുജീവിതം: അസൽ മലയാള സിനിമ’ എന്ന തലക്കെട്ടിലെഴുതിയ പുതിയ ബ്ലോഗിലാണ് അദ്ദേഹം മലയാളസിനിമയെ പുകഴ്ത്തുന്നത്. തമിഴിലോ തെലുങ്കിലോ ഏതെങ്കിലും ഇന്ത്യൻ ഭാഷയിലോ ഒരിക്കലും ആടുജീവിതം ഇതുപോലെ എടുക്കാൻ കഴിയില്ലെന്നും ഇതൊരു യഥാർത്ഥ സിനിമയാണെന്നും അദ്ദേഹം കുറിക്കുന്നു.
കുറച്ചുനാൾ മുൻപ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തെ മുൻനിർത്തി മലയാളികളെ തെണ്ടികളെന്നടക്കം വിളിച്ച് അധിക്ഷേപിച്ച ജയമോഹനന്റെ പുതിയ ബ്ലോഗും ശ്രദ്ധേയമാവുകയാണ്. എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ സംഘമാണ് മലയാളസിനിമയിൽ പ്രമുഖസ്ഥാനത്തുള്ളതെന്നും ജയമോഹൻ ആരോപിച്ചിരുന്നു.
എന്നാൽ പുതിയ ബ്ലോഗിൽ മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരെ പ്രശംസിച്ചും നീലക്കുയിൽ ഉൾപ്പടെയുള്ള പഴയ ചിത്രങ്ങളെ പ്രശംസിച്ചുമാണ് ജയമോഹനന്റെ കുറിപ്പ്.
ഇന്നത്തെ ഇന്ത്യൻ സിനിമയിൽ മലയാളം ഒഴികെ മറ്റൊന്നും ഈ സിനിമ കാണിക്കുന്ന തരത്തിലുള്ള കലാപരമായ പൂർണ്ണത ഉൾക്കൊള്ളുന്നില്ലെന്നും മുൻപ് ബംഗാളി സിനിമകൾക്ക് ഈ യാഥാർത്ഥ്യം ഉണ്ടായിരുന്നു. ഇന്ന് ആ ബംഗാളി പാരമ്പര്യം ഹിന്ദി ആധിപത്യം നശിപ്പിച്ചിരിക്കുന്നെന്നും ജയമോഹനൻ നിരീക്ഷിക്കുന്നു.
‘ഇന്ന് മലയാളം ഒഴികെയുള്ള ഭാഷകളിൽ ഈ യാഥാർത്ഥ്യം കൊണ്ടുവരാൻ ശ്രമിച്ചാൽ ആരാധകർ അംഗീകരിക്കുമോ എന്ന സംശയം ഉയരും. ആ സംശയവും വളരെ ന്യായമാണ്.തമിഴിലാണ് ഈ ചിത്രം നിർമ്മിച്ചതെങ്കിൽ രണ്ടാം പകുതിയുടെ ഇരുപതാം മിനിറ്റിൽ പ്രേക്ഷകൻ അപ്രതീക്ഷിതമായി ഒരു കാര്യത്തിന് സാക്ഷിയാവും. ഒരു പുതിയ കഥാപാത്രം കടന്നുവരും. അതും മുഖ്യധാരാ നടൻ ആണെങ്കിൽ രണ്ടാം ഭാഗം ‘പിക്കപ്പ്’ ആണെന്ന് തമിഴ് ആരാധകൻ പറയും.’
‘എന്നാൽ കലാപരമായി സിനിമ അവിടെ തോൽക്കുന്നു. സിനിമ എന്ത് പറയാൻ ശ്രമിച്ചാലും അതിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കും. തമിഴിലോ തെലുങ്കിലോ ഏതെങ്കിലും ഇന്ത്യൻ ഭാഷയിലോ ഒരിക്കലും ആടുജീവിതം ഇതുപോലെ എടുക്കാൻ കഴിയില്ല. ഒരു തമിഴ് ആരാധകൻ ഉടൻ പറയും, ചിത്രം ബോറടിക്കുന്നു, കഥ ആവേശകരമായി നീങ്ങുന്നില്ല, രണ്ടാം പകുതിയിൽ പുതിയതൊന്നും സംഭവിക്കുന്നില്ല, മരുഭൂമി
മാത്രമാണ് കാണിക്കുന്നത് എന്ന്.’ ജയമോഹനൻ പറയുന്നു.
മനുഷ്യന്റെ അക്ഷയമായ ആന്തരിക സാധ്യതകളെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഏത് സാഹചര്യത്തെയും മനുഷ്യൻ സ്വന്തം ഊർജ്ജം കൊണ്ട് എങ്ങനെ തരണം ചെയ്യുന്നുവെന്ന് കാണിക്കുന്നു. സൗഹൃദത്തിലൂടെയും പോരാട്ടത്തിലൂടെയും രൂപപ്പെട്ട മഹത്തായ മാനുഷിക നിമിഷങ്ങൾ ചിത്രീകരിക്കുന്നു. ആ നിമിഷത്തിൽ വിശ്വസിച്ച്, ക്ലൈമാക്‌സിലെത്തി, ശാന്തമായ അവസാനത്തോടെ സിനിമയെടുക്കുന്നത് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും ഇന്ന് സാധാരണമല്ലെന്നും ജയമോഹനൻ ബ്ലോഗിലെഴുതി.
എം ടി വാസുദേവൻ നായരുടെയും ലോഹിതദാസിന്റെയും ക്ലാസിക്കുകൾ പോലെ പല മലയാള സിനിമകളും ഒറ്റ വരിയിൽ ക്ലൈമാക്സ് ചെയ്യുന്നു. ഈ സിനിമയും അങ്ങനെ തന്നെ. ആടുജീവിതത്തിന്റേത് കൃത്രിമമായ ആവേശവും അമിത വികാരപ്രകടനവുമില്ലാത്ത ഒരു ക്ലൈമാക്‌സാണ്. മനുഷ്യത്വം ഉദിക്കുന്ന ഒരു നിമിഷം നിശബ്ദത, അത്രമാത്രം. അതാണ് ചിത്രമെന്നും അദ്ദേഹം പ്രശംസിച്ചു.
ചെലവ് കുറഞ്ഞ മലയാള സിനിമകൾക്ക് മറ്റ് ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകളുടെ സാങ്കേതിക മികവ് ഉണ്ടാകാൻ സാധ്യതയില്ലെന്ന അഭിപ്രായത്തേയും ജയമോഹനൻ ചോദ്യം ചെയ്യുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ തുടങ്ങിയ സംവിധായകരുടെ ഛായാഗ്രഹണത്തിലെ വിസ്മയങ്ങളും പുത്തൻ കുതിപ്പുകളും വളരെ കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ചിത്രങ്ങളിലാണ് സംഭവിച്ചത്. മലയാളത്തിലെ താരങ്ങൾക്ക് പ്രതിഫലം വളരെ കുറവായതിനാൽ അവർ സിനിമയ്ക്ക് വേണ്ടി വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും ആടുജീവിതം അത്തരത്തിലൊരു ചിത്രമാണെന്നും ജയമോഹനൻ കുറിച്ചു.