മുംബൈ: ആർഎസ്എസ് പ്രവർത്തകർ ഉൾപ്പടെ സിനിമ ഏറ്റെടുക്കുമെന്ന വലിയപ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’ ബോക്‌സ്ഓഫീസിൽ വൻപരാജയം. ചിത്രം മൂക്കുംകുത്തി വീണതോടെ തന്റെ കഠിനപ്രയത്‌നത്തിന് ഫലമുണ്ടായില്ലെന്ന് പറയുകയാണ് രൺദീപ് ഹൂഡ. ആർഎസ്എസ് ആചാര്യൻ വിഡി സവർക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ഇതുവരെ ബോക്‌സ്ഓഫീസിൽ നിന്നും കളക്ട് ചെയ്തത് 12 കോടി മാത്രമാണ്. ഒരാഴ്ച കൊണ്ടുള്ള കളക്ഷനാണിത്.
തന്റെ ഈ ചിത്രത്തിന് പ്രതീക്ഷിച്ച കോണുകളിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നു പരാതിപ്പെടുകയാണ് ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സംവിധായകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളും നടനുമായ രൺദീപ് ഹൂഡ.
വിഡി സവർക്കറെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങൾക്കും തെറ്റായ പ്രചാരണങ്ങൾക്കുമുള്ള മറുപടിയായിരിക്കും തന്റെ ചിത്രമെന്നാണ് സംവിധായകൻ കൂടിയായ ബോളിവുഡ് താരം രൺദീപ് ഹൂഡ അവകാശപ്പെട്ടിരുന്നത്. ജനം വലിയ തോതിൽ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.
ഹൂഡയുടെ കന്നി സംവിധാന ചിത്രം കൂടിയായ വീർ സവർക്കർ മാർച്ച് 22നാണ് തിയറ്ററിലെത്തിയത്. എന്നാൽ ചിത്രത്തിന് കളക്ഷനിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യം മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യാമെന്നായിരുന്നു തീരുമാനമെങ്കിലും ഹൂഡയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹം പിന്മാറിയിരുന്നു. പിന്നീട് ഹൂഡ തന്നെ സംവിധാനം ഏറ്റെടുക്കുകയും പ്രധാനകഥാപാത്രമായ സവർക്കറുടെ വേഷം അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
തുടക്കത്തിൽ ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്ക് ഇതൊരു മികച്ച സിനിമയാക്കണമെന്ന ആലോചനയുണ്ടായിരുന്നില്ലെന്നും പിന്നീട് താൻ സംവിധായകനായതോടെ ആ നിലവാരം ചിത്രത്തിനു മതിയായിരുന്നില്ലെന്നും ഹൂഡ പറയുന്നു.
ഇക്കാരണത്താൽ തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായി. സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് തനിക്കു വാങ്ങിത്തന്ന സ്വത്തുക്കൾ ചിത്രത്തിനു വേണ്ടി എനിക്കു വിൽക്കേണ്ടിവന്നു. ഇത്തരമൊരു ചിത്രത്തിനു ലഭിക്കേണ്ട പിന്തുണ ഒരാളിൽനിന്നും കിട്ടിയില്ല. ചിത്രത്തിൽ തനിക്കൊപ്പം എല്ലാം സമർപ്പിച്ച അണിയറപ്രവർത്തകരിൽനിന്നും അഭിനേതാക്കളിൽനിന്നും മാത്രമാണു പിന്തുണ ലഭിച്ചത്. അതുകൊണ്ടുതന്നെ താൻ ഒറ്റയ്ക്കാണു മുന്നോട്ടുപോയത്. എന്തുകൊണ്ടാണ് നമ്മൾക്ക് ആ പിന്തുണ കിട്ടാത്തതെന്ന് തനിക്കു മനസിലാകുന്നില്ലെന്നും രൺദീപ് ഹൂഡ പറഞ്ഞു.
എന്തൊക്കെ കടന്നാണ് ഇവിടെ എത്തിയതെന്ന് തനിക്കും ഭാര്യയ്ക്കും തന്റെ കുടുംബത്തിനും മാത്രമേ അറിയൂ. അഭിനയത്തിന്റെ ഭാഗമായി 60 കിലോയിലേക്കു ശരീരഭാരം കുറക്കേണ്ടിവന്നു. വെള്ളവും ബ്ലാക്ക് കോഫിയും ഗ്രീൻ ടീയും മാത്രമായിരുന്നു ആദ്യം കഴിച്ചിരുന്നത്. ഉറക്കം നഷ്ടപ്പെട്ടു. ഒരു സ്പൂൺ ആൽമണ്ട് ബട്ടർ, ഒരു സ്പൂൺ വെളിച്ചെണ്ണ, ഇത്തിരി അണ്ടിപ്പരിപ്പ് ഒക്കെയായിരുന്നു ആകെ ഒരു ദിവസം കഴിച്ചിരുന്നത്. സിനിമാ സെറ്റിൽ പലതവണ കുഴഞ്ഞുവീണുവെന്നും രൺദീപ് വെളിപ്പെടുത്തുന്നുണ്ട്.
കൂടാതെ ഈ ചിത്രം ആഗസ്റ്റ് 15നോ ജനുവരി 26നോ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ പലവഴിക്കു ശ്രമിച്ചിട്ടും അതു നടന്നില്ലെന്നും താരം പറയുന്നു. അതേസമയം, സാക്‌നിൽക് ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷൻ ഇടിയുകയാണ്.
റിലീസ്ദിനം 1.05 കോടി രൂപയാണ് വീർ സവർക്കർ തിയറ്ററിൽനിന്നു നേടിയത്. തൊട്ടടുത്ത രണ്ടു ദിവസം വാരാന്ത്യദിനങ്ങളായതിനാൽ ഭേദപ്പെട്ട പ്രകടനമാണു കാഴ്ചവച്ചത്. രണ്ടാം ദിനം 2.25 കോടിയും മൂന്നാം ദിനം 2.7 കോടിയും നേടി. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ചിത്രം താഴോട്ട് പോയി.
നാലാം ദിവസം 1.05 കോടിയായി കുറഞ്ഞു. 51.16 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ആറാം ദിവസമായ ബുധനാഴ്ചത്തേത്താണ് ഏറ്റവും മോശം പ്രകടനം. 93 ലക്ഷമാണ് അന്നു കളക്ട് ചെയ്തത്. ഇതുവരെ 13 കോടി രൂപയാണ് ചിത്രം തിയറ്ററിൽനിന്നു സ്വന്തമാക്കിയത്. ചിത്രത്തിൽ, അങ്കിത ലോഖൻഡെ, അമിത് സിയാൽ, രാജേഷ് ഖേര എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്ന മറ്റു താരങ്ങൾ.