തെന്നിന്ത്യൻ സിനിമകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി. മാർച്ച് 27 ന് നടന്ന സ്വകാര്യ ചടങ്ങിൽവെച്ചാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗം ക്ഷേത്രത്തിൽ വെച്ചായിരുന്നു അതീവരഹസ്യമായി വിവാഹം നടന്നത്. വളരെ അടുപ്പമുള്ളവർ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചടങ്ങുകൾ സ്വകാര്യമായിട്ടാണ് നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അതേസമയം, വിവാഹത്തെ സംബന്ധിച്ച് ഇതുവരുെ താരങ്ങൾ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. 2021ലെ തെലുങ്ക് ചിത്രമായ ‘മഹാ സമുദ്ര’ത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും ഇതിന് ശേഷമാണ് പൊതുവേദികളിൽ ഒന്നിച്ചെത്താൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ പ്രണയവാർത്തയും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു.
2023 ൽ അദിതിക്ക് മനോഹരമായ പിറന്നാൾ ആശംസ നേർന്നുകൊണ്ട് സിദ്ധാർഥ് എത്തിയതോടെ പ്രണയവാർത്ത സത്യമാണെന്ന് ആരാധകരും പ്രതികരിച്ചിരുന്നു. ശങ്കറിനൊപ്പമുള്ള കമൽഹാസന്റെ ഇന്ത്യൻ 2 ആണ് സിദ്ധാർഥിന്റെ റിലീസാകാനുള്ള പ്രോജക്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി റാവു അവസാനമായി അഭിനയിച്ചത്.
Discussion about this post