കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ശരത് രംഗത്ത്. കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ശരത് പ്രതികരിച്ചു.
‘എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണ്. ഒരു കോളേജ് പ്രിന്‍സിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരില്‍ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് വളരെ വേദനാജനകമായി തോന്നി.
എനിക്ക് അറിയാവുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവന്‍ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. കോളേജ് അധികൃതരില്‍ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജാസിക്ക് ഒപ്പം’, എന്നാണ് ശരത് കുറിച്ചത്.